രാജ്യത്ത് 90 ശതമാനം ഇടത്തും അപകടകരമായ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതു മൂലം രാജ്യത്ത് ഇടക്കിടെ ഗുരുതര ഉഷ്ണതരംഗം സംഭവിക്കുന്നുവെന്നും രാജ്യ​ത്തിന്റെ 90 ശതമാനം മേഖലയും ഉഷ്ണതരംഗ സാധ്യതയുള്ള അപകടമേഖലയാണെന്നും പുതിയ പഠനം.

കേംബ്രിഡ്ജ് സർവകലാശാലയിലെ രമിത് ദേബാനന്ദും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് പുതിയ ക​ണ്ടെത്തൽ. ഡൽഹി മാത്രമായും ഗുരുതര ഉഷ്ണതരംഗത്തിന് വിധേയമാകുന്നുണ്ട്. യു.എന്നിന്റെ സുസ്ഥിര വികസനമെന്ന ലക്ഷ്യം നേടുന്നതിൽ നിന്ന് ഇന്ത്യക്ക് തടസമാകുന്നതും ഈ ഉഷ്ണതരംഗമാണ്.

50 വർഷത്തിനിടെ 17,000ത്തിലധികം പേർ ഇന്ത്യയിൽ ഉഷ്ണതരംഗം മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ അവാർഡ് ദാന ചടങ്ങിനെത്തിയ 13 പേർ ഉഷ്ണതരംഗം മൂലം മരിച്ചതാണ് രാജ്യത്ത് ഒന്നിച്ച് ഏറ്റവും കൂടുതൽ ആളുകളുടെ ജീവഹാനിക്കിടയാക്കിയ സംഭവമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹീറ്റ് ഇൻഡെക്സ് പ്രകാരം ഇന്ത്യയുടെ 90 ശതമാനം ഭാഗവും അപകടകരമായ ഉഷ്ണ തരംഗം സംഭവിക്കുന്ന മേഖലയാണ് എന്നാണ് പഠനത്തിൽ നിന്ന് വ്യക്തമായത്. ഉഷ്ണവും ആർദ്രതയും കണക്കിലെടുത്ത്, ചൂട് എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ ബാധിക്കുന്നതെന്ന് കണക്കാക്കുന്നതാണ് ഹീറ്റ് ഇൻഡെക്സ്.

ഈ പഠനം വ്യക്തമാക്കുന്നത് കൂടുതൽ ആളുകൾ ഉഷ്ണതരംഗം മൂലം അതികഠിനമായ കാലാവസ്ഥാ ​പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ്. ഉഷ്ണതരംഗം ബാധിക്കുന്നതിനെ നേരിടാൻ ഇന്ത്യ തയാറാകാത്തിടത്തോളം കാലം സുസ്ഥിര വികസനമെന്ന ലക്ഷ്യം അകലെയായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

താപനില സമതലങ്ങളിൽ കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ കുറഞ്ഞത് 37 ഡിഗ്രി സെൽഷ്യസിലും മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസിലും എത്തുമ്പോൾ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്.

അതേസമയം, ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്തെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയിൽ നിന്നും ഉയർന്ന ചൂടായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വകുപ്പ് ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാലയളവിൽ അതിരൂക്ഷമായ ഉഷ്ണ തരംഗം മധ്യ-കിഴക്കൻ – വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

1901 മുതലുള്ള കണക്കുകൾ പ്രകാരം 2023 ലാണ് ഇന്ത്യയിൽ ഫെബ്രുവരിയിൽ ഏറ്റവും ചൂട് അനുഭവപ്പെട്ടത്.

Advertisement