കോടതി വിധി ഫൈസലിന് അനുകൂലം: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു

ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ അടുത്തമാസം 27നു പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണു തീരുമാനം. വിജ്ഞാപനമിറക്കുന്നതു മാറ്റിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനാൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു പരിഗണിക്കേണ്ടതില്ലെന്നു ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഫൈസലിനെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയെ കോടതി വിമർശിക്കുകയും ചെയ്തു.

വധശ്രമക്കേസിൽ തടവുശിക്ഷ വിധിച്ചതിനെ തുടർന്നു ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പു നടത്തുമെന്നു കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണു ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. കമ്മിഷന്റേതു ധൃതിപിടിച്ചുള്ള നീക്കമാണെന്നാണു ഫൈസലിന്റെ വാദം.

Advertisement