ഗ്യാന്‍വ്യാപി; ശിവലിംഗത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഇന്ത്യന്‍ പുരാവസ്‌തു സര്‍വെയോട്‌ ഹൈക്കോടതി

Advertisement

ന്യൂഡല്‍ഹി: ഗ്യാന്‍ വാപി -താഷി വിശ്വനാഥ്‌ ക്ഷേത്രം തര്‍ക്കത്തില്‍ ഇന്ത്യന്‍ പുരാവസ്‌തു സര്‍വേയ്‌ക്ക്‌ അലഹബാദ്‌ ഹൈക്കോടതിയുടെ നോട്ടീസ്‌. തര്‍ക്കമന്ദിര പരിസരത്ത്‌ കണ്ട ശിവലിംഗത്തെക്കുറിച്ച്‌ ശാസ്‌ത്രീയ പരിശോധന നടത്താന്‍ കഴിയുമോയെന്ന്‌ ഈ മാസം 21നകം കോടതിയെ അറിയിക്കണമെന്നാണ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.

ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനായി കാര്‍ബണ്‍ ഡേറ്റിംഗ്‌ നടത്തുന്നത്‌ തടഞ്ഞ്‌ കൊണ്ടുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ നടപടി. ജസ്റ്റിസ്‌ ജെ ജെ മുനീര്‍ ആണ്‌ ഹര്‍ജി പരിഗണിക്കുന്നത്‌. കഴിഞ്ഞമാസമാണ്‌ കാര്‍ബണ്‍ ഡേറ്റിംഗ്‌ തഠഞ്ഞ്‌ കൊണ്ട്‌ വാരണാസി കോടതി ഉത്തരവ്‌ പുറത്തിറക്കിയത്‌. ജസ്‌റ്റിസ്‌ എ കെ വിശ്വേശ്വ ആണ്‌ ആദ്യം ഈ ഹര്‍ജി പരിഗണിച്ചത്‌. ഹിന്ദു പുരോഹിതന്‍മാരാണ്‌ ഹര്‍ജി നല്‍കിയത്‌.

ശാസ്‌ത്രീയ പരിശോധനയിലൂടെ ശിവലിംഗത്തിന്റെ കാലപ്പഴക്കം അടക്കമുള്ളവ നിര്‍ണയിക്കാനാകുമോ എന്ന്‌ പരിശോധിക്കാനാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

Advertisement