ബഹിരാകാശ നേട്ടങ്ങൾ, ഇന്ത്യയെ വിദേശ രാജ്യങ്ങൾ അത്ഭുതത്തോടെ നോക്കുന്നുവെന്ന് മോദി

ന്യൂഡൽഹി: ഇന്ത്യ സൗരോർജ മേഖലയിലും ബഹിരാകാശ മേഖലയിലും അദ്ഭുതങ്ങൾ സൃഷ്‌ടിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗരോർജ ഉപയോഗത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജനമുന്നേറ്റമാണ്. മൻ കി ബാത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വാണിജ്യ വിക്ഷേപണദൗത്യത്തിലൂടെ 36 ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ 601 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ നിർണായക മുന്നേറ്റത്തിനൊരുങ്ങുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്റോ), വൺവെബ് കമ്പനിയുടെ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ നിർണായക നാഴികകല്ലാണ് പിന്നിട്ടത്. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ അദ്ഭുത നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്.

ഇന്ത്യയ്ക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതികവിദ്യ നിഷേധിക്കപ്പെട്ട സമയത്തെ കുറിച്ച് ഓർക്കുന്നു. ഇതിനു ശേഷം ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി സാങ്കേതികവിദ്യ വികസിപ്പിക്കുകയും നിരവധി ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് അയയ്‌ക്കുകയും ചെയ്‌തു. നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സർക്കാർ സംവിധാനങ്ങളുടെ പരിധിയിൽ ഒതുങ്ങിയിരുന്നു. ഇന്ന് സ്ഥിതി മാറി. ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കൾക്കും സ്വകാര്യ മേഖലയ്ക്കും നിരവധി അവസരങ്ങൾ തുറന്നിട്ടിരിക്കുകയാണ്.

വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. സൗരോർജത്തിന്റെ ഉപയോഗം ഗ്രാമങ്ങളെ അടിമുടി മാറ്റിയിരിക്കുന്നു. ഗുജറാത്തിലെ മൊദേരയിലുള്ള ആദ്യ സൗരോർജ ഗ്രാമത്തിലുള്ളവർക്ക് ഇപ്പോൾ വൈദ്യുതി ബില്ലിനു പകരം വൈദ്യുതിയിൽ നിന്നുള്ള വരുമാനത്തിന്റെ ചെക്കാണ് ലഭിക്കുന്നത്– മോദി പറഞ്ഞു. സൂര്യോപാസനയുടെ മഹോത്സവമായ ‘ഛഠ്’ ആഘോഷിക്കുന്ന എല്ലാവർക്കും മോദി ആശംസകൾ നേർന്നു.

Advertisement