കർണാടകയിൽ തടാകങ്ങളും തോടുകളും കരകവിഞ്ഞു

ബെംഗളൂരു: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കർണാടകയിൽ വ്യാപക നാശനഷ്ടം. തടാകങ്ങളും തോടുകളും കരകവിഞ്ഞതിനെ തുടർന്നു മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മലയാളികളുടേതടക്കം നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടുകളിൽ കുടുങ്ങിയത്. തെക്കൻ കർണാടകയിൽ ഒരാഴ്ചയായി കനത്ത മഴയാണ്. ചന്നപട്ടണം, ചാമരാജ് നഗർ, രാമനഗർ, കനകപുര തുടങ്ങിയ ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി നൽകി.

ഇന്നലെ രാവിലെ തുടങ്ങിയ മഴയ്ക്കു വൈകിട്ടോടെയാണു നേരിയ ശമനം ഉണ്ടായത്. താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബെംഗളുരുവിൽനിന്ന് 50 കിലോമീറ്റർ ദൂരെയുള്ള രാമനഗരി ജില്ലയിലെ കുമ്പൽഗോട്ടെ കൺമണി തടാകം ഇന്നലെ വൈകിട്ട് നിറഞ്ഞൊഴുകി. തടാകത്തോടു ചേർന്നു കടന്നുപോകുന്ന മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ പലയിടങ്ങളിലായി വെള്ളം പൊങ്ങി.

ഇനോരുപാളയത്തെ ടോൾ ഗേറ്റ് വെള്ളത്തിൽ മുങ്ങി. ബെംഗളുരു–മൈസൂരു ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. രാമനഗരിക്കു സമീപം കുനിഗൽ വഴി റോഡിലെ ഗതാഗതം വഴിതിരിച്ചുവിട്ടു.

Advertisement