ആശുപത്രിയിലെത്തിക്കാൻ റോഡില്ല ; നവജാത ഇരട്ടക്കുട്ടികൾക്ക് അമ്മയുടെ മുന്നിൽവെച്ച്‌ മരണം

മുംബൈ: നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അമ്മയുടെ കൺമുന്നിൽ വച്ച്‌ മരിച്ചു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഹൃദയഭേദകമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‌അമിതമായ രക്തസ്രാവം മൂലം യുവതിയുടെ നിലയും ​ഗുരുതരമാണ്. കെട്ടിയുണ്ടാക്കിയ സ്‌ട്രെച്ചറിൽ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രസവത്തെത്തുടർന്ന് അമിതമായി രക്തസ്രാവമുണ്ടായ സ്ത്രീയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങൾ മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.

പാൽഘർ ജില്ലയിലെ മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറാണ് കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഏഴാം മാസത്തിലായിരുന്നു പ്രസവം. അതുകൊണ്ടു തന്നെ കുട്ടികൾ ആരോ​ഗ്യമുണ്ടായിരുന്നില്ല. വിദ​ഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂ. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴി‌യില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ കുട്ടികൾ മരിച്ചു.

അമിത രക്തസ്രാവം മൂലം സ്ത്രീയുടെ നിലയും വഷളായി, കുടുംബാംഗങ്ങൾ കയറും ബെഡ്ഷീറ്റും മരവും ഉപയോഗിച്ച്‌ ഒരു താൽക്കാലിക സ്‌ട്രെച്ചർ നിർമിച്ച്‌ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചു. അപകടകരമായ വഴി താണ്ടിയാണ് ആശുപത്രിയിലെത്തിച്ചത്. അമ്മ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര കിഷോർ വാഗ് ട്വീറ്റ് ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ബുധറിന്റെ ഇരട്ടക്കുട്ടികൾ മരിച്ചതെന്നും അവർ പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ ലഭ്യമല്ലാത്തതിനാലാണ് ഇത്തരം നിരവധി സംഭവങ്ങൾ നടക്കുന്നതെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും വിഷയം ടാ​ഗ് ചെയ്ത് അവർ ഓർമിപ്പിച്ചു.

Advertisement