ഒപ്പം താമസിച്ച യുവതിയെക്കാണാനില്ലെന്നു പറഞ്ഞ് നല്‍കിയ പരാതി അന്വേഷിക്കുന്നില്ല,പുത്തൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ തീകൊളുത്തിമരിക്കാന്‍ ശ്രമം നടത്തി യുവാവ്

പുത്തൂര്‍: കൂടെ താമസിച്ച യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് നല്‍കിയ പരാതി അന്വേഷിച്ചില്ല, പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം .
കൊല്ലം പുത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്.

കോട്ടാത്തല കൊഴുവന്‍പാറയ്ക്ക് സമീപം താമസിക്കുന്ന തിരുവനന്തപുരം നന്ദിയോട് സ്വദേശി ഷൈജു (47) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സംഭവം കണ്ട് ഓടിയെത്തിയ ആളുകള്‍ പിടിച്ചുമാറ്റിയതിനാല്‍ യുവാവിന് തീകൊളുത്താനായില്ല.

എന്നാല്‍, പരാതി ലഭിച്ചയുടന്‍ തന്നെ സംഭവത്തെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവാവും യുവതിയും വിവാഹിതരല്ലെന്നും. പരാതി ലഭിച്ചപ്പോള്‍ തന്നെ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും ഇവര്‍ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്യുകയാണെന്നും അറിയിച്ചു. ഷൈജുവിനെക്കൊണ്ടും ഇവരോട് സംസാരിപ്പിച്ചിരുന്നു. ബുധനാഴ്ച ഇവരെ തിരുവനന്തപുരത്ത് നിന്ന് കൂട്ടിക്കൊണ്ടുവന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.

Advertisement