കൊല്ലം പ്രാദേശിക വാര്‍ത്താ ജാലകം

ആഡംബര വാഹനങ്ങള്‍ വാങ്ങി തിരികെ നല്‍ക്കാതെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് പോലീസ് പിടിയിലായി

കൊല്ലം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വാഹന തട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം ഈസ്റ്റ് വില്ലേജില്‍ താമരക്കുളം സെന്‍റ് സേവ്യര്‍ നഗര്‍ അനീഷ് നിവാസില്‍ സെബാസ്റ്റ്യന്‍ (അരുണ്‍, 33) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ പരിചയക്കാരില്‍ നിന്നും റെന്‍റ് എ കാര്‍ ബിസിനസിന് നല്‍കുന്നതിന് വേണ്ടി ആഡംബര വാഹനങ്ങള്‍ കുറഞ്ഞ ദിവസത്തേക്ക് വാങ്ങിക്കും.

നിശ്ചിത സമയം കഴിഞ്ഞ് വാഹനം തിരികെ നല്‍കാതെ ഉടമകളെ വഞ്ചിക്കുന്ന തട്ടിപ്പാണ് തുടര്‍ന്ന് വന്നിരുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് കൊല്ലം ഈസ്റ്റ്, പാരിപ്പളളി തുടങ്ങിയ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കരിക്കോട് സ്വദേശിയായ നിയാസിന്‍റെ അമ്മയുടെ പേരിലുളള ഇന്നോവ കാര്‍ 2021 നവംബറില്‍ ഇത്തരത്തില്‍ തട്ടിയെടുത്തതിനാണ് ഇയാളെ കിളികൊല്ലൂര്‍ പോലീസ് പിടികൂടിയത്.

കാര്‍ വാങ്ങിയ ഇയാള്‍ വാഹനം പന്തളം സ്വദേശിയായ റെന്‍റ് എ കാര്‍ ബിസിനസ്കാരന് മറിച്ച് നല്‍കുകയായിരുന്നു. തിരിച്ച് നല്‍കാം എന്ന സമയ പരിധിക്ക് ശേഷവും വാഹനം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇയാള്‍ ആഡംബര ജീവിതം നയിച്ച് വരുകയായിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ രോഗശയ്യയിലായ അച്ഛനെ കാണാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.


കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സ്വാതി. വി, ജയന്‍ കെ സക്കറിയ, താഹക്കോയ എ.എസ്.ഐ മാരായ സന്തോഷ് കുമാര്‍. സി, പ്രകാശ് ചന്ദ്രന്‍, സി.പി.ഒ മാരായ പ്രകാശ്, സാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയി ബലാല്‍സംഗം ,യുവാവ് അറസ്റ്റില്‍

കുണ്ടറ.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടി കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. പേരയം പടപ്പക്കര യേശുവിലാസം വീട്ടില്‍ ടോണി (21) ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ചു.

മാതാപിതാക്കള്‍ അറിയാതെ പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയീ ഇയാള്‍ പീഢനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലായെന്ന മാതാവിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇരുവരേയും പേരയത്ത് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക പീഢനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഗത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്.

ഇരവിപുരം ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ വിവി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, അരുണ്‍ഷാ, സുനില്‍കുമാര്‍, എ.എസ്.ഐ മഞ്ജുഷ എസ്.സി.പി.ഒ ശോഭകുമാരി സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഊണിന് ക്ഷാമം; ഭരണിക്കാവിലെ സുഭിക്ഷാ ഹോട്ടലിൽ എത്തിയവർ വലഞ്ഞു

ഭരണിക്കാവ് : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തും ചേർന്ന് ഏറെ കൊട്ടിഘോഷിച്ച് ഭരണിക്കാവിൽ ആരംഭിച്ച
സുഭിക്ഷാ ഹോട്ടലിൽ ഇന്നലെ ഭക്ഷണം കഴിക്കാനെത്തിയവർ വലഞ്ഞു.ഉച്ചയ്ക്ക് 1.30 ഓടെ ഊണ് കഴിഞ്ഞു എന്ന മറുപടിയാണ് വിശന്നെത്തിയവർക്ക് സുഭിക്ഷമായി കിട്ടിയത്.20 രൂപയ്ക്ക് ഊണ് ലഭിക്കുമെന്നതിനാൽ നിരവധി സാധാരണക്കാരാണ് ഉച്ചയോടെ ഇവിടേക്ക് എത്തിയത്.

എന്നാൽ പ്രധാന ടൗണിൽ ആരംഭിച്ച സർക്കാർ ഹോട്ടലിൽ ആവശ്യത്തിന് വിഭവങ്ങൾ തയ്യാറാക്കാതെ കുടുംബശ്രീ പ്രവർത്തകരായ ജീവനക്കാർ കൈമലർത്തുകയായിരുന്നു.ഭക്ഷണം തേടിയെത്തിയവരെ നിരാശരാക്കി മടക്കി അയച്ചത് സർക്കാർ സംരഭത്തിന് തുടക്കത്തിലെ നാണക്കേടായി.തിങ്കളാഴ്ചയാണ് മന്ത്രി ജി.ആർ അനിൽ ജില്ലയിലെ തന്നെ ആദ്യത്തെ സുഭിക്ഷാ ഹോട്ടൽ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഭരണിക്കാവിൽ ഉദ്ഘാടനം ചെയ്തത്.

കെ.എസ്. ആർ.ടി .സി ബസിൽ വനിതാ യാത്രക്കാരിയെ ശല്യം ചെയ്യുകയും സ്റ്റേഷൻ ലാപ്ടോപ്പ് അടിച്ചു തകർക്കുകയും ചെയ്തയാൾ അറസ്റ്റിൽ
കുന്നിക്കോട് : കെ.എസ്. ആർ.ടി .സി ബസിൽ വനിതാ യാത്രക്കാരിയെ ശല്യം ചെയ്യുകയും സ്റ്റേഷൻ ലാപ്ടോപ്പ് അടിച്ചു തകർക്കുകയും ചെയ്തയാളെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.തെന്മല വില്ലേജിൽ ഉറുകുന്ന് കോളനിയിൽ മഞ്ജു ഭവനിൽ ജോയി ജോർജ് (52) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്കു പോകുന്ന കെ.എസ്. ആർ.ടി .സി ബസിൽ വച്ച് ഇയാൾ യാത്രക്കാരിയെ ശല്യം ചെയ്യുകയായിരുന്നു. വിളക്കുടി ഭാഗത്ത് വച്ച് കുന്നിക്കോട് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കുന്നിക്കോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി സ്റ്റേഷനിൽ ഡ്യൂട്ടിക്കായി ഉപയോഗിക്കുന്ന ലാപ്ടോപ്പ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഇയാൾക്കെതിരെ സ്ത്രീയെ ശല്യം ചെയ്തതിലേക്കും സ്റ്റേഷൻ മുതലുകൾ നശിപ്പിച്ചതിലേക്ക് PDPP ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി. കുന്നിക്കോട് ഇൻസ്‌പെക്ടർ പി. ഐ. മുബാറക്കിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ, എസ്.ഐ ഫൈസൽ , എ.എസ്.ഐ ലാലു, സി.പി.ഒ മാരായ മിനി , അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ആത്മഹത്യക്കൊരുങ്ങിയ
അഞ്ജനയ്ക്കും മകൾ ശ്രീക്കുട്ടിയ്ക്കും കൊട്ടാരക്കര ആശ്രയ തുണയായി …

പടിഞ്ഞാറേകല്ലട : ഭർതൃമാതാവിന്റെ പീഢനം സഹിക്കവയ്യാതെ ആത്മഹത്യക്കൊരുങ്ങിയ അമ്മയ്ക്കും കുഞ്ഞിനും സ്നേഹക്കൂടൊരുക്കി കലയപുരം ആശ്രയ സങ്കേതം . പടിഞ്ഞാറേ കല്ലട, വലിയപാടം കൈലാസത്തിൽ അഞ്ജന (28 ) മകൾ ശ്രീക്കുട്ടി (5) എന്നിവരെയാണ് ആശ്രയ സങ്കേതം ഏറെറടുത്തത് . അഞ്ജന കുഞ്ഞുമായി കല്ലടയാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നത് കാണാനിടയായ പരിസരവാസി സുരേഷാണ് ഇവരെ രക്ഷപ്പെടുത്തിയത് .

        അഞ്ജനയുടെ ഭർത്താവ് അനീഷ് ജോലിക്കായി ആന്ധ്രയിൽ പോയിട്ട് 4 വർഷമായി  ഇതുവരെ യാതൊരു വിവരവും ഇല്ല . അമ്മായിയമ്മയുടെ നിരന്തരമായ  ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഞ്ജന പറഞ്ഞു . ആധാർ ഉൾപ്പടെയുള്ള രേഖകൾ അവർ നശിപ്പിക്കുകയും ചെയ്തു . ശാരീരികവും മാനസികവുമായ പീഢനം സഹിക്കവയ്യാതെ താൻ പലദിവസങ്ങളിലും കടത്തിണ്ണയിൽ കിടന്നുറങ്ങിയിട്ടുണ്ടെന്നും അഞ്ജന വെളിപ്പെടുത്തി . സ്വന്തം 'അമ്മ തളർന്നു കിടക്കുന്നതിനാൽ അവിടെയും തനിക്കും സംരക്ഷണം കിട്ടിയില്ല . 

  അഞ്ജനയുടെയും ശ്രീക്കുട്ടിയുടെയും ദുരിതസ്ഥിതി  പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അറിയിച്ചതിനെത്തുടർന്ന് ആശ്രയ ജനറൽ സെക്രട്ടറി  കലയപുരം ജോസ് , ഭാര്യ  മിനി ജോസ്, ആശ്രയ പ്രവർത്തകരായ രമ്യ വിമല , ജോഫി ജേക്കബ്, ലിജോ ജോയ്  തുടങ്ങിയവർ ചേർന്ന് പടിഞ്ഞാറേക്കല്ലടയിലെത്തി അഞ്ജനയെയും മകളെയും ഏറ്റെടുക്കുകയായിരുന്നു . 

   ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണൻ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ .സുധീർ ,ശാസ്താംകോട്ട പോലീസ് സബ് ഇൻസ്‌പെക്ടർ ജെ. ഷാജഹാൻ , പൊതുപ്രവർത്തകരായ  ഹരിദാസ് , എൻ .സോമരാജൻ , ഷാനവാസ് , ഉത്തമൻ , സുരേഷ് ,രാധിക,   ആശാവർക്കർ മിനി ആരോഗ്യപ്രവർത്തകരായ അശ്വതി ,മുംതാസ് തുടങ്ങി നിരവധിപേർ ഏറ്റെടുക്കൽ ചടങ്ങിന് സാക്ഷികളായി . 

           ഇനി അഞ്ജനയ്ക്കും കുഞ്ഞിനും ഭയമേതുമില്ലാതെ കലയപുരം ആശ്രയ സങ്കേതത്തിന്റെ  തണലിൽ കഴിയാം ...
ഇന്ത്യന്‍ ആന്‍റി കറപ്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സി കൃഷ്ണന്‍കുട്ടി ശാസ്താംകോട്ട

കുന്നത്തൂർ സർക്കിൾ സഹകരണ യൂണിയന്റെ അറിയിപ്പ്
ശാസ്താംകോട്ട.സഹകരണ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന സഹകരണ എക്സ്പോയിൽ കുന്നത്തൂർ താലൂക്കിലെ വിവിധ സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾ ജീവനക്കാർ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 150 പേർ പങ്കെടുക്കുന്നതിനും പരിപാടി വൻ വിജയമാക്കുന്നതിനും 18.04.22 ന് കൂടിയ സർക്കിൾ യൂണിയൻ ഭരണ സമിതി തീരുമാനിച്ചതായി സഹകരണ യൂണിയൻ ചെയർമാൻ അഡ്വ .റ്റി. മോഹനൻ അസി. രജിസ്ട്രാർ ബി രാജസിംഹൻ പിള്ള എന്നിവർ അറിയിച്ചു .

ഉത്സവാഘോഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ അഞ്ച് പേര്‍ പോലീസ് പിടിയിലായി
ഉത്സവ സ്ഥലത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ബന്ധുവായ യുവാവിനെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ അഞ്ച് പേരെ പോലീസ് പിടികൂടി.

എഴിപ്പുറം ചരുവിള വീട്ടില്‍ രാഹുല്‍ (അപ്പു, 24), എഴിപ്പുറം ചിറയില്‍ പുത്തന്‍ വീട്ടില്‍ സഞ്ചിത്ത് (21), എഴിപ്പുറം മണികണ്ഠ വിലാസത്തില്‍ വിവേക് (ഉണ്ണിക്കുട്ടന്‍, 25) ഇയാളുടെ സഹോദരന്‍ വിപിന്‍ (കുക്കു, 21) പാരിപ്പളളി എഴിപ്പുറം ലക്ഷം വീട് കോളനിയില്‍ ചിറയില്‍ പുത്തന്‍ വീട്ടില്‍ അജി (33) എന്നിവരാണ് പോലീസ് പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവിലായ പ്രതികള്‍ കോട്ടയം കടുത്തുരുത്തിയിലുളളതായി ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഇവരെ കടുത്തുരുത്തിയിലുളള രഹസ്യകേന്ദ്രത്തില്‍ നിന്നും പിടികൂടുകയായിരുന്നു. പാരിപ്പളളി എഴിപ്പുറം പുതുവിള പുത്തന്‍ വീട്ടില്‍ ഗിരീഷിനാണ് കുത്തേറ്റത്. ഇയാളുടെ സഹോദരിയുടെ മക്കളും പ്രതികളും തമ്മില്‍ ഗുരുനാഗപ്പന്‍ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടര്‍ന്ന് അടികലശലും ഉണ്ടായി. ഇതില്‍ ഇടപെട്ട് ഗിരീഷ് യുവാക്കളെ പിടിച്ച് മാറ്റിയിരുന്നു.

ക്ഷേത്രത്തിലെ ഉരുള് നേര്‍ച്ചയുടെ ചുമതലയിലുളള ഗിരീഷ് അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിജയ നഗറില്‍ നടത്തി കൊണ്ടിരുന്ന സമയമാണ് ആക്രമിക്കപ്പെട്ടത്. ആട്ടോയിലെത്തിയ സംഘം ഗിരീഷിനെ കല്ല് കൊണ്ട് എറിഞ്ഞ് വീഴ്തി കത്തി വച്ച് വയറ്റില്‍ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഗിരീഷിനെ കൊല്ലം പാലത്തറയുളള സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്.ഐ അജിത്ത്, എ.എസ്.ഐ മാരായ നന്ദകുമാര്‍, ബിജൂ എസ്.സി.പി.ഒ ബിജൂ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

കെ പി സി ടി എ യാത്രയയപ്പ് സമ്മേളനം R ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഡി ബി കോളേജ് കോ ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഐൻറ്റിയു സി സംസ്ഥാന പ്രസിഡൻ്റ് R ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. റിട്ടയർമെൻറിന് ശേഷവും അദ്ധ്യാപകർ കർമനിരതരായിരിക്കേണ്ടതിൻ്റെ ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി ടി എ സംസ്ഥാന ട്രഷറർ ഡോ. എബ്രഹാം എ റീജിയണൽ പ്രസിഡൻ്റ് സിബി സി ബാബു പ്രൊഫ ഇന്ദു. പ്രൊഫ ലളിത പ്രൊഫ ചന്ദ്രൻ പിള്ള ഡോ.എൻ സുരേഷ് കുമാർ ആതിര ശശിധരൻ ഡോ. പി ആർ ബിജു. ഡോ അജേഷ് എസ് ആർ ഡോ. അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. മിനി ചന്ദൻ ഡോ അംബിക നായർ, ഡോ വി .കല, ഡോ ശാരിക എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി

Advertisement