പെണ്‍കുട്ടിക്ക് മാനഹാനി വരുത്തി, യുവാവ് പോക്സോ പ്രകാരം അറസ്റ്റില്‍



കൊല്ലം.പന്ത്രണ്ട്കാരിയെ ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ച യുവാവിനെ പോലീസ് പിടികൂടി. ഇരവിപുരം വടക്കേവിള തോപ്പ് വയല്‍ വീട്ടില്‍ അനസ് (34) ആണ് പോലീസ് പിടിയിലായത്. പന്ത്രണ്ട്കാരിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് കണ്ട് ഇയാള്‍ പരിചയം ഭാവിച്ച് അടുത്ത് കൂടുകയായിരുന്നു.

കുട്ടിയോട് സംസാരിച്ച് അപരിചിതത്വം മാറ്റിയ ഇയാള്‍ തുടര്‍ന്ന് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. അപ്രതീക്ഷീതമായ പ്രവര്‍ത്തിയില്‍ ഭയന്ന് പോയ പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പരിസരവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചത് കണ്ട് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

വീട്ടില്‍ തിരികെയെത്തിയ അമ്മയോട് കുട്ടി സംഭവം വിവരിച്ചു, അമ്മയ്ക്കൊപ്പം പെണ്‍കുട്ടി കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പളളിമുക്കില്‍ നിന്നും കൊട്ടിയം പോലീസ് പിടികൂടുകയായിരുന്നു. കൊട്ടിയം സബ്ബ് ഇന്‍സ്പെക്ടര്‍ സുജിത്ത് ജി നായരുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുരേഷ്, അഷ്ടമന്‍.പി.ജി, എസ്.സി.പി.ഒ മാരായ ബിജൂ, ബീന എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Advertisement