ശാസ്താംകോട്ട. ടൗണിലും പരിസരപ്രദേശങ്ങളിലും നിത്യവും വൈദ്യുതി മുടങ്ങുന്നത് പ്രതിഷേധമായി. കഴിഞ്ഞ രണ്ടു മാസക്കാലമായി കേബിൾ വലിക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് രാവിലെ മുതൽ വൈകിട്ട് വരെ വൈദ്യുതി മുടക്കം പതിവാണ്. പ്രവർത്തി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും കെഎസ്ഇബി ശാസ്താംകോട്ട സബ് ഡിവിഷൻ ഓഫീസിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നത് നിത്യ സംഭവമാണ്. ഇതിനെതിരെ വ്യാപാരികളും, നാട്ടുകാരും പ്രതിഷേധം ഉയർത്തിയിരുന്നു. അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ചവരെ കേബിൾ വലിക്കുന്ന ജോലികൾ തുടരുമെന്നും ദിവസം മുഴുവൻ ലൈൻ ഓഫ് ചെയ്യുന്ന രീതി തുടരുകയില്ല എന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വാക്ക് നൽകിയതാണ്.
എന്നാൽ ശനിയാഴ്ച്ച ഭാഗികമായി വൈദ്യുതി മുടങ്ങിയിരുന്നു, ഞായറാഴ്ച വെളുപ്പിന് രണ്ടു മണിയോടുകൂടി പോയ വൈദ്യുതി രാവിലെ എട്ടുമണിയോടുകൂടിയാണ് വന്നത്. എന്നാൽ വീണ്ടും രാവിലെ എട്ടര മുതൽ വൈകിട്ട് nഅഞ്ചര വരെ വൈദ്യുതി മുടങ്ങും എന്ന മെസ്സേജ് ഉപഭോക്താക്കൾക്ക് ലഭിച്ചു. വെളുപ്പിന് വൈദ്യുതി ഇല്ലാത്തതിനാൽ വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ജലവിതരണവും മുടങ്ങി.. അവധി ദിവസമായതിനാൽ ജനങ്ങൾക്ക് തുണി കഴുകുന്നതിനും, മറ്റ് ആവശ്യങ്ങൾക്കും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥയിലായി. ഇത് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് ശാസ്താംകോട്ട ടൗൺ പഞ്ചായത്ത്അംഗം എസ്. ദിലീപ്കുമാർ പ്രതിഷേധവുമായി കെഎസ്ഇബി ഓഫീസിലെത്തി. പൊതുപ്രവർത്തകരായ മഹേഷ് മണികണ്ഠൻ, സന്തോഷ് കുമാർ എന്നിവരും പരാതിയുമായി ഓഫീസിലെത്തി. പഞ്ചായത്ത് മെമ്പർ വൈദ്യുതി വകുപ്പ് ഡെപ്യൂട്ടിചീഫ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ട് പരാതി അറിയിച്ചു. ഉച്ചയ്ക്കുശേഷം വൈദ്യുതി പുനഃസ്ഥാപിക്കും എന്ന ഉറപ്പ് ഉദ്യോഗസ്ഥർ നൽകി. നിരവധി ആളുകളും, വൈദ്യുതി ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു എന്ന പരാതിയുമായി എസ് എച്ച് ഒ അനന്തു മോഹനും കെഎസ്ഇബി ഓഫീസിൽ എത്തിയിരുന്നു.


































