ശാസ്താംകോട്ട :നിർമ്മാണം പൂർത്തീകരിച്ച റോഡിൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നു. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വേങ്ങതെക്ക് പതിനൊന്നാം വാർഡിലെ കരാൽ മുക്ക് – തോപ്പിൽ മുക്ക് റോഡിലാണ് അപകടം. ഈ റോഡിൽ ഇൻ്റർലോക്ക് പാകിയ ഭാഗത്ത് എം. സാൻ്റ് അമിതമായി വാരി വിതറിയതാണ് അപകടത്തിന് കാരണമാകുന്നത്. ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്.
സമീപകാലത്ത് റോഡ് പുനർനിർമ്മിച്ചിരുന്നു. വളവുകൾ ഉള്ള ഭാഗത്ത് മഴക്കാലത്ത് വെള്ളം കെട്ടികിടന്ന് വലിയ കുഴികൾ രൂപപ്പെടുന്നതിനാൽ റോഡ് പുനർനിർമ്മിച്ചപ്പോൾ ഈ ഭാഗത്ത് ടാറിംഗ് ഒഴിവാക്കി ഇൻ്റർലോക്ക് സ്ഥാപിക്കുകയായിരുന്നു. ഇൻ്റർലോക്കുകൾക്കിടയിലെ വിടവ് അടയുന്നതിന് ഇവിടെ എം.സാൻ്റ് വാരി വിതറി. എന്നാൽ എം. സാൻ്റ് കൂടുതലായതോടെ ഇരുചക്ര വാഹനങ്ങൾ ഇതിൽ കയറുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയാണ്. ദിവസം നിരവധി ആളുകളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




































