തടാക തീരത്തെ ബണ്ട് റോഡിൽ നിന്നും വിലപിടിപ്പുള്ള പൈപ്പുകൾ കടത്തികൊണ്ട് പോയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് ജല അതോറിറ്റി

ശാസ്താംകോട്ട .തടാക തീരത്തെ ബണ്ട് റോഡിൽ നിന്നും വിലപിടിപ്പുള്ള പൈപ്പു കൾ കടത്തികൊണ്ട് പോയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജലശുദ്ധീകരണ പ്ളാന്‍റിലെ ആവശ്യത്തിലേക്ക് ജല അതോറിറ്റി അധികൃതര്‍ നേരിട്ടാണ് ചില പൈപ്പുകള്‍ ബണ്ട് ഭാഗത്തുനിന്നും എടുത്തത്. ഇത് ജലം പമ്പ് ചെയ്യുന്ന ലീഡിംങ് ചാനലില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അസി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ പറഞ്ഞു. ഉന്നതാധികൃതരുടെ നിര്‍ദ്ദേശത്തോടെയാണ് പൈപ്പ് ഉപയോഗിച്ചത്.

കൊല്ലം കടപുഴ പദ്ധതിക്കായി 2014 ൽ പുന്നമൂട് ബണ്ട് ഭാഗത്ത് മെറ്റൽ സാൻഡ് പൈപ്പുകളും, ഹൈഡെൻസിറ്റി പോളി എത്തലീൻ പൈപ്പുകളും ഇറക്കിയിരുന്നു. എന്നാൽ പദ്ധതി നടപ്പിലാകാതെ വന്നപ്പോൾ തടാകത്തിനുള്ളിൽ കിടന്ന് മെറ്റൽ സാൻഡ് പൈപ്പുകൾ തുരുമ്പെടുത്ത് തടാകജലത്തിന്റെ സന്തുലനാവസ്ഥയെ ദോഷമായി ബാധിക്കുകയും, തടാകത്തിൽ ജലവിധാനം വർധിച്ചപ്പോൾ പോളി എത്തലീൻ പൈപ്പുകൾ തടാകത്തിൽ ഒഴുകി നടക്കുകയും ചെയ്തിരുന്നു. വാട്ടർ അതോറിറ്റി ഈ പൈപ്പുകൾ നീക്കം ചെയ്യാതിരുന്നതിനാൽ നമ്മുടെ കായൽ കൂട്ടായ്മ അന്നത്തെ കളക്ടർ അഫ്സാന പർവീണിന് പരാതി നൽകുകയും ചെയ്തിരുന്നു. കളക്ടർ നേരിട്ട് ഈ പ്രദേശം സന്ദർശിക്കുകയും അടിയന്തരമായി പൈപ്പുകൾ തടാകത്തിനുള്ളിൽ നിന്നും നീക്കം ചെയ്യണമെന്ന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി 7 ലക്ഷം രൂപ ചിലവഴിച്ച് തടാകത്തിനുള്ളിലും വശങ്ങളിലും കിടന്നിരുന്ന പൈപ്പുകൾ അവിടെ നിന്നും കഴിഞ്ഞ മെയ്‌മാസത്തിൽ തൊട്ടടുത്തേക്ക് മാറ്റിയിരുന്നു. കുറെ പൈപ്പുകൾ ബണ്ട് റോഡിന്റെ ഷട്ടറിന്റെ ഭാഗത്തും അടുക്കി വെച്ചിരുന്നു. ഇവിടെ നിന്നും വിലകൂടിയ ഹൈഡെന്‍സിറ്റി പോളി എത്തലീൻ പൈപ്പുകൾ എടുത്തതാണ് പരാതി ആയത്. ഒരു പൈപ്പിന് ഏകദേശം മുപ്പതിനായിരം രൂപയോളം വില വരുന്നതാണ്. പദ്ധതി ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് കേസ് ഉള്ളതാണെന്നും ആയതിനാല്‍ ജല അതോറിറ്റിയും ഈ പൈപ്പ് എടുക്കാന്‍ പാടില്ലെന്ന് പരാതി നല്‍കിയ നമ്മുടെ കായൽ കൂട്ടായ്മ കൺവീനർഎസ്.ദിലീപ് കുമാർ പറയുന്നു. പൈപ്പ് ചൂടാക്കി മുറിച്ചുകൊണ്ടുപോയതായാണ് കണ്ടത്.

മറ്റേതെങ്കിലും ബദൽ പദ്ധതിക്ക് ഉപയോഗിക്കുവാൻ കഴിയുന്ന ശേഷിക്കുന്ന പൈപ്പുകൾ കൂടി മോഷണം പോകാതെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് എസ്.ദിലീപ് കുമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

Advertisement