രാഹുൽ ഗാന്ധി തിങ്കളാഴ്ച കുന്നത്തൂരിൽ; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി


ശാസ്താംകോട്ട : മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി തിങ്കളാഴ്ച കുന്നത്തൂരിലെത്തും.വൈകിട്ട് 3ന് സിനിമാപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം തയ്യാറാക്കിയ വേദിയിൽ (എ.എസ് ഗ്രൗണ്ട്) അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും.തിങ്കൾ
ഉച്ച കഴിഞ്ഞ് തിരുവനന്തപുരം എയർപോർട്ടിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധി ഹെലികോപ്ടർ മാർഗം പുന്നമൂട് ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ എത്തും.ഇവിടെ നിന്നും റോഡ് മാർഗം ഭരണിക്കാവ് ടൗൺ വഴി സിനിമാപറമ്പിലേക്ക്.കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിക്കും.

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്,കൊല്ലത്തെ സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ,പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ആന്റോ ആന്റണി എന്നിവർക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി,ഷിബു ബേബി ജോൺ,ദേവരാജൻ,പി.ജെ ജോസഫ് ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുക്കും.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ 199 ബൂത്തുകളിൽ നിന്നായി പതിനായിരം പ്രവർത്തകർ പങ്കെടുക്കും.കൂടാതെ സമീപ നിയോജക മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും എത്തും.

പരിപാടിയുടെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾക്ക്
ഇടിഞ്ഞകുഴി എൻഎസ്എസ് ഗ്രൗണ്ട്,എൻ.ജെ ആഡിറ്റോറിയം,പനപ്പെട്ടി ക്ഷേത്രം ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഉൾപ്പെടെ വിപുലമായ പാർക്കിങ് ഏർപ്പെടുത്തിയതായും പരിപാടിയുടെ സമ്പൂർണ വിജയത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടക സമിതിക്കു വേണ്ടി ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഗോകുലം അനിൽ,കൺവീനർ തോപ്പിൽ ജമാൽ എന്നിവർ അറിയിച്ചു.

Advertisement