കുണ്ടറയില്‍ പോക്സോ കേസിലെ ഇരയുടെ പിതാവ് ജീവനൊടുക്കിയ നിലയില്‍

കുണ്ടറ: കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയുടെ പിതാവ് ജീവനൊടുക്കിയ നിലയില്‍. ബുധനാഴ്ച പുലര്‍ച്ചയോടെ വീടിന്റെ അടുക്കളയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് കണ്ടെത്തിയത്. പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ഇവര്‍ മൂത്ത മകളുടെ ഭര്‍ത്താവിനെ മൊബൈലില്‍ വിളിച്ച് അറിയിച്ച ശേഷമാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കഴിഞ്ഞ മാസം രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ കുണ്ടറ പോലീസിനെ സമീപിച്ചത്. മൈനര്‍ മിസ്സിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തുകയും ബന്ധുക്കള്‍ നല്‍കിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടി പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ കൊറ്റംകര ഗ്രാമപഞ്ചായത്ത് അംഗം മണിവര്‍ണ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊട്ടിയം ഷെല്‍ട്ടര്‍ ഹോമിലേക്കും മാറ്റിയിരുന്നു.

Advertisement