ബാംഗ്‌ളരില്‍ വാഹനാപകടം കൊല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളൂരു: കമ്മനഹള്ളിയില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി ജി ജേക്കബ്, വിഷ്ണു കുമാര്‍ എസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്.

അപകടത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ടാമത്തെയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു.

കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇപ്പോഴുള്ളത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇരുവരുടെയും ബന്ധുക്കള്‍ ബംഗളുരുവില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബംഗളുരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥികളാണ് ആല്‍ബി ജി ജേക്കബും വിഷ്ണു കുമാറും.

Advertisement