ശൂരനാട്ട് അമിത പലിശയ്ക്ക് പണം നൽകിയ ശേഷം ഭീഷണിപ്പെടുത്തി വസ്തു വകകൾ തട്ടിയെടുക്കുന്ന സഹോദരന്മാർ അറസ്റ്റിൽ

ശാസ്താംകോട്ട:അമിത പലിശയ്ക്ക് പണം നൽകിയ ശേഷം കത്തികാട്ടിയും മറ്റും ഭീഷണിപ്പെടുത്തി വസ്തു വകകൾ തട്ടിയെടുക്കുന്ന സഹോദരന്മാർ അറസ്റ്റിൽ.പോരുവഴി ഇടയ്ക്കാട് പാലത്തടത്ത് മേലതിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (48),ഇയ്യാളുടെ സഹോദരൻ വർക്കല ഇടവ വെൺകുളം കളീയ്ക്കൽ വീട്ടിൽ മോഹനൻ പിള്ള (62) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ കെണിയിൽപ്പെട്ട ഇടയ്ക്കാട് സ്വദേശിനി കൊല്ലം റൂറൽ എസ്.പിക്ക് നൽകിയ പരാതിയെ തുടർന്ന് ശൂരനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.പ്രതികളിൽ നിന്നും നിരവധി പേരുടെ ബ്ലാങ്ക് ചെക്കുകൾ, എഗ്രിമെന്റ് എഴുതിയതും എഴുതാത്തതുമായ മുദ്രപത്രങ്ങൾ,റവന്യു സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട് വാങ്ങിയ വെള്ള പേപ്പറുകൾ,ഒപ്പിട്ട ചെക്ക് ബുക്കുകൾ,ചെക്ക് ലീഫുകൾ,ആർ.സി ബുക്കുകൾ,ആധാർ പകർപ്പുകൾ എന്നിവ പിടിച്ചെടുത്തു.ഇവ മോഹനൻ പിള്ളയുടെ വർക്കലയിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.ഇത്തരം രേഖകൾ ഉപയോഗിച്ച് പലിശ മുടങ്ങുന്നവരുടെ വസ്തുവകകൾ സ്വന്തം പേരിലേക്ക് എഴുതി എടുക്കുന്നതായും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ പൂരിപ്പിച്ച് കോടതികളിൽ കേസ് കൊടുക്കുന്നതായും കണ്ടെത്തി.

പരാതിക്കാരിയായ യുവതിയും ഭർത്താവും കൂടി സാമ്പത്തിക ആവശ്യങ്ങൾക്ക് പലപ്പോഴായി ഒന്നാം പ്രതിയിൽ നിന്നും ആറര ലക്ഷം രൂപ ഈട് നൽകി വാങ്ങിയിരുന്നു.എന്നാൽ പലിശ മുടങ്ങിയതോടെ മുതലും പലിശയും ചേർത്ത് 11.5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തി കാട്ടി ഭീഷണിപ്പെടുത്തി എഗ്രിമെന്റ് എഴുതിയനു ശേഷം യുവതിയെ നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നു.തുടർന്നാണ് ഇവർ പരാതി നൽകിയത്.ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചിരുന്നു.പിന്നീടാണ് ഇയ്യാൾ ശേഖരിക്കുന്ന ചെക്ക് ലീഫുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹോദരന്റെ വർക്കലയിലെ വീട്ടിലാണ് സൂക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തിയത്.തുടർന്ന് ശൂരനാട് പൊലീസ് വർക്കലയിൽ എത്തി വീട് റെയ്ഡ് ചെയ്താണ് രേഖകൾ പിടിച്ചെടുത്തത്.ഒന്നാം പ്രതി മുൻപ് പോക്സോ കേസിലും മണി ലെൻഡേഴ്സ് ആക്ട് പ്രകാരമുളേ കേസിലുംപ്പെട്ടയാളാണ്.ഇവരെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് നിരവധി പേർ പരാതിയുമായി എത്തുന്നുണ്ട്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ ശൂരനാട് എസ് എച്ച്.ഒ ജോസഫ് ലിയോൺ,ശാസ്താംകോട്ട എസ്.ഐ ഷാനവാസ്,ശൂരനാട് എസ്.ഐ മാരായ ദീപു പിള്ള,ഷാജഹാൻ,വിനയൻ,വിനോദ്, എസ്.സി.പി.ഒ മാരായ രഞ്ജു കൃഷ്ണൻ,വിജേഷ്,അജീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement