നവകേരള സദസിന്റെ വേദി പൊളിച്ചു മാറ്റുന്നത് സംസ്ഥാനത്ത് ആദ്യം; ഒടുവില്‍ കുന്നത്തൂരിലെ വേദി തീരുമാനമായി

ശാസ്താംകോട്ട : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ വേദി പൊളിച്ചു മാറ്റുന്നത് സംസ്ഥാനത്ത് ആദ്യം.ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ 18ന് പരിപാടി നടത്തുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് അധികൃതരും സംഘാടക സമിതിയും ചേർന്ന് വേദി പൊളിച്ചു മാറ്റാൻ തുടങ്ങിയത്.അതിനിടെ നവകേരള സദസിന്റെ വേദി ചക്കുവള്ളിയിൽ മലനട റോഡിലെ കാഷ്യൂ ഫാക്ടറി പരിസരത്തേക്ക് മാറ്റി നടത്താൻ തീരുമാനമായി.നിലവിൽ വേദി ഒരുക്കിയ ക്ഷേത്ര
മൈതാനിയിൽ നിന്നും ഏറെ അകലെയല്ലാത്ത കശുവണ്ടി ഫാക്ടറി പരിസരത്താണ് പുതുതായി വേദി ഒരുക്കുന്നത്.മുഖ്യമന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.ഒന്നര ഏക്കറോളം വരുന്ന വിശാലമായ ഗ്രൗണ്ടുള്ള കശുവണ്ടി ഫാക്ടറി പരിസരത്തെ കാട് വെട്ടി തെളിക്കുന്ന
ജോലി ആരംഭിച്ചു.വിവാദമായ ക്ഷേത്ര മൈതാനത്തു നിന്നും കിഴക്കു മാറി വിളിപ്പാടകലെയാണ് ഫാക്ടറി വളപ്പ്.അതിനിടെ ഹൈക്കോടതി സ്റ്റേ ചെയ്ത ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനിയിൽ നവകേരള സദസിനുളള വേദിയുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു.ലക്ഷങ്ങൾ
ചെലവഴിച്ച് പണിത കൂറ്റൻ പന്തലുകൾ ഉൾപ്പെടെയുള്ളവ പൊളിച്ചു മാറ്റി മറ്റൊരിടത്തേക്ക് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മാറ്റി സ്ഥാപിക്കേണ്ട കഠിന പ്രയത്നത്തിലാണ് സംഘാടകർ.

Advertisement