ശാസ്താംകോട്ട തടാകത്തില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞ് വെറ്റ് ലാന്‍ഡ് അതോറിറ്റി

Advertisement

ശാസ്താംകോട്ട. തടാകത്തില്‍ നിന്നും എടുക്കുന്ന ജലത്തിന്റെ അളവു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആരാഞ്ഞ് വെറ്റ് ലാന്‍ഡ് അതോറിറ്റി അധികൃതര്‍ ജല അതോറിറ്റിക്ക് കത്ത് നല്‍കി. തടാകത്തിലെ വരള്‍ച്ച രൂക്ഷമായതിനാല്‍ നിലവില്‍ പ്രതിദിനം എടുക്കുന്ന ജലത്തിന്റെ അളവ്. കാലാകാലമായി എടുക്കുന്ന ജലത്തിന്റെ അളവ് എന്നിവ ശേഖരിച്ച് ജലോപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ എടുക്കുന്നതിനാണ് അതോറിറ്റി കത്ത് നല്‍കിയത്.


ജലത്തിന്റെ അമിതമായ വലിച്ചെടുക്കല്‍ തടാകത്തെദോഷകരമായി ബാധിക്കുന്നുവെന്ന് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ തടാക ജലനിരപ്പ് 41 സെമി മാത്രമാണെന്നും പ്രതിദിനം 3.5കോടി ലിറ്റര്‍ (35എംഎല്‍ഡി) ജലമാണ് എടുക്കുന്നതെന്നും ജല അതോറിറ്റി അധികൃതര്‍ വെറ്റ് ലാന്റ് അതോറിറ്റി അധികൃതരെ അറിയിച്ചു.
തടാകത്തില്‍ വരള്‍ച്ച ബാധിച്ച സ്ഥലങ്ങള്‍ വെറ്റ് ലാന്‍ഡ് അതോറിറ്റി എന്‍വയണ്‍മെന്‌റ് പ്രോഗ്രാം മാനേജര്‍ ജോണ്‍ സി മാത്യുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
രൂക്ഷമായ വരള്‍ച്ചയെ തടാകം നേരിടുന്ന സാഹചര്യത്തിലും തടാക ജല ചൂഷണത്തിന് പരിഹാരമായി വിഭാവനചെയ്ത ഞാങ്കടവ് പദ്ധതി അവസാനഘട്ടത്തിലെ ചില്ലറ പണികള്‍കൂടി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാത്തത് പിടിപ്പുകേടാണെന്ന് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

Advertisement