പോരുവഴി മയ്യത്തുംകര 15-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് 12ന്;വാശിയേറിയ പോരാട്ടവുമായി യുഡിഎഫും എൽഡിഎഫും: സീറ്റ് നിലനിർത്താൻ എസ്ഡിപിഐ

ശാസ്താംകോട്ട:പോരുവഴി ഗ്രാമ പഞ്ചായത്തിലെ മയ്യത്തുംകര 15-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും.വാർഡ് മെമ്പറായിരുന്ന എസ്ഡിപിഐ പ്രതിനിധി അൻസി നസീർ രാജി വച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എസ്.ഷീബയും എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐയിലെ രേണുകയമ്മയും എസ്ഡിപിഐ സ്ഥാനാർത്ഥിയായി താഹിറാ കബീറും ബിജെപി സ്ഥാനാർത്ഥിയായി ബീനാ റാണിയുമാണ് ജനവിധി തേടുന്നത്.

യുഡിഎഫും എൽഡിഎഫും എസ്ഡിപിഐയും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് മയ്യത്തുംകരയിൽ നടക്കുന്നത്.ബിജെപി കളത്തിലുണ്ടെങ്കിലും ശക്തമായ സാന്നിദ്ധ്യം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല.നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രചാരണം ശക്തമായിരിക്കയാണ്.പാർട്ടികൾ തെരഞ്ഞെടുപ്പ് കൺവൻഷനുകളും കുടുംബ കൺവൻഷനുകളും പൂർത്തിയാക്കി കഴിഞ്ഞു.മഴ ശമിച്ചതോടെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വീടുകൾ കയറിയിറങ്ങി വോട്ട് തേടുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ.എസ്ഡിപിഐയ്ക്ക് തങ്ങളുടെ സീറ്റ് നിലനിർത്തുകയെന്നത് പ്രധാനമാണ്.കഴിഞ്ഞ തവണ എസ്ഡിപിഐ സ്ഥാനാർത്ഥിയായിരുന്ന അൻസി നസീർ 676 വോട്ട് നേടിയാണ് വിജയിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സഫിയാ ബീവി 275 വോട്ടും എൽഡിഎഫ് സ്ഥാനാർത്ഥി ഷീബ 259 വോട്ടും ബിജെപി സ്ഥാനാർത്ഥി ആർ.ലക്ഷമി 47 വോട്ടുമാണ് നേടിയത്.കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന മയ്യത്തുംകര 2010 ലാണ് എസ്ഡിപിഐ പിടിച്ചെടുത്തത്.2015 ൽ കോൺഗ്രസ് തിരിച്ചു പിടിച്ചെങ്കിലും 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായില്ല.ഇതിനാൽ മയ്യത്തുംകര നില നിർത്തേണ്ടത് എസ്ഡിപിഐ യുടെയും തിരിച്ചു പിടിക്കേണ്ടത് കോൺഗ്രസിന്റെയും അഭിമാന പ്രശ്നമാണ്.അതിനിടെ 18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ എൽഡിഎഫ്- 5, യുഡിഎഫ് – 5, ബിജെപി- 5,എസ്ഡിപിഐ – 3 എന്നിങ്ങനെയാണ് കക്ഷി നില.പഞ്ചായത്ത് ഭരണത്തെ സ്വാധിനിക്കുന്ന വിധി ആയതിനാൽ മയ്യത്തുംകര വാർഡില വിജയം എല്ലാവർക്കും മർമ്മ പ്രധാനമാണ്.എസ്ഡിപിഐ യുടെ പിന്തുണയോടെയാണ് നിലവിൽ യുഡിഎഫ് പഞ്ചായത്ത് ഭരണം നടത്തുന്നത്.

Advertisement