കൂട്ടുകാരോടൊപ്പം കുളത്തില്‍കുളിക്കാന്‍ ഇറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

പത്തനാപുരം: കുന്നിക്കോട് ആവണീശ്വരത്ത് കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. ആവണീശ്വരം കുളപ്പുറം ഷാഫി മന്‍സിലില്‍ സിറാജുദ്ദീന്‍ (46) ആണ് മരണപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക കമ്പനിയോട് ചേര്‍ന്നുള്ള കുളത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ അപകടമുണ്ടായത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ സിറാജുദ്ദീനെ മുങ്ങി താഴുന്ന കണ്ട സുഹൃത്തുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇഷ്ടികയ്ക്ക് വേണ്ടി ചെളിവാരിയുണ്ടായ കുളത്തിന് നല്ല ആഴവും അടിത്തട്ടില്‍ ചെളിയുമാണ്.
തുടര്‍ന്ന് പത്തനാപുരം ഫയര്‍ഫോഴ്സിനെയും കുന്നിക്കോട് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തിരച്ചിലിനിടെ വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട സിറാജുദ്ദീന്‍ ആവണീശ്വരം എഫ്സിഐ ഗോഡൗണിലെ ലോഡിംഗ് തൊഴിലാളിയാണ്. ഭാര്യ.സനില. മക്കള്‍: മുഹമ്മദ് ഷാഫി, മുഹമ്മദ് ഷിഫാന്‍.

Advertisement