തകർന്ന് തരിപ്പണമായി തെറ്റിക്കുഴി – കക്കാക്കുന്ന് റോഡ്

ശാസ്താംകോട്ട : കൊല്ലം – തേനി ദേശീയപാതയിൽ നിന്നും ശാസ്താംകോട്ട,പോരുവഴി,
ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലേക്ക് എത്താനുള്ള തെറ്റിക്കുഴി – കക്കാക്കുന്ന് റോഡ് തകർന്ന് തരിപ്പണമായി.കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഏറെ സാഹസം നിറഞ്ഞതാണ്.മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സ്കൂട്ടർ യാത്രികർ വീണ് പരിക്കേൽക്കുന്നത് പതിവ് കാഴ്ചയാണ്.കുഴികളിൽ വീണ് വാഹനങ്ങൾക്ക് തകരാർ സംവിക്കുന്നതിനാൽ ഓട്ടോറിക്ഷകൾ പോലും ഇതുവഴി ഓട്ടം വരാറില്ല.അഭ്യാസമറിയാവുന്നവർക്ക് മാത്രമേ ഇതുവഴി കാൽനടയായി സഞ്ചരിക്കാനും കഴിയുകയുള്ളു.റോഡ് പൂർണമായും തകർന്നതിനെ തുടർന്ന് ഈ പ്രദേശങ്ങൾ വഴി സർവ്വീസ് നടത്തിയിരുന്ന രണ്ട് സ്വകാര്യ ബസുകളും യാത്ര അവസാനിപ്പിച്ചു.ഇതോടെ ഗ്രാമീണ മേഖലയിലെ ജനങ്ങൾ പുറംലോകത്ത് എത്താൻ ഏറെ വലയുകയാണ്.കുന്നത്തൂർ ബാലൻ ജില്ലാ പഞ്ചായത്തംഗമായിരിക്കെ
2001ലാണ് റോഡ് ആദ്യമായും അവസാനമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.എന്നാൽ വർഷങ്ങൾക്ക് മുമ്പ് തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.പ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും റോഡ് ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.

Advertisement