ശിഷ്യന്റെ ചിന്തയിലും കര്‍മത്തിലും പൂര്‍ണതകൈവരുന്നതാണ് ഗുരുപൂര്‍ണിമ: മാതാ അമൃതാനന്ദമയി


കരുനാഗപ്പള്ളി. ഗുരുവിന് ശിഷ്യനോടുള്ള പ്രേമവും ക്ഷമയും അനന്തവും അതുല്യവുമാണെന്നും ശിഷ്യന്റെ ചിന്തയിലും കര്‍മത്തിലും പൂര്‍ണ്ണത കൈ വരുന്നതാണ് ഗുരുപൂര്‍ണിമയെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. ‘ശ്രദ്ധ, ഭക്തി, വിശ്വാസം എന്നിവയാണ് ഏതു വിജയത്തിന്റെയും അടിസ്ഥാനമെന്നും ഏത് സംഘര്‍ഷത്തിനുമുള്ള പരിഹാരം സ്‌നേഹമാണെന്നും അമൃതപുരിയില്‍ ഗുരുപൂര്‍ണിമ ആഘോഷത്തില്‍ നല്‍കിയ സന്ദേശത്തില്‍ മാതാ അമൃതാനന്ദമയി പറഞ്ഞു.
പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാനല്ല മറിച്ച് പ്രശ്‌നങ്ങളെ ആഴത്തില്‍ അറിയാനാണ് സദ്ഗുരു പഠിപ്പിക്കുന്നത്. പ്രശ്‌നങ്ങളെ നല്ലവണ്ണം അറിഞ്ഞാല്‍ പിന്നെ പ്രശ്‌നങ്ങള്‍ക്കൊപ്പം സംയമനവും സന്തോഷവും കൈവിടാതെ ജീവിക്കാന്‍ സാധിക്കുമെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.
അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെ പ്രാര്‍ത്ഥനാ ഹാളില്‍ നടന്ന ചടങ്ങില്‍ മഠം  വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ഗുരുപാദപൂജ ചെയ്തു. ഗുരുപൂര്‍ണിമ ആഘോഷങ്ങളുടെ ഭാഗമായി ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥന, ധ്യാനം, ഭജന, പ്രസാദവിതരണം എന്നിവയുണ്ടായി. ഗുരുപൂര്‍ണിമ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് ആളുകള്‍ അമൃതപുരിയിലെത്തിയിരുന്നു.

Advertisement