ഖനനവിരുദ്ധ സമരം: സിപിഐ നേതൃത്വത്തിൽ അതൃപ്തി

കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലി കുളങ്ങര വില്ലേജിൽ ഐആർഇഎൽ നടത്തുന്ന ഖനനത്തിനെതിരെ രൂപീകരിക്കപ്പെട്ട സമരസമിതിയുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് ഒരു വിഭാഗം സി.പി.ഐ നേതാക്കൾ പ്രവർത്തിക്കുന്നതിനെതിരെ സംസ്ഥാന – ജില്ലാ നേതൃത്വത്തിനിടയിൽ അമർഷം പുകയുന്നു.

സംസ്ഥാന സർക്കാരിലെ റവന്യൂ വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് അയണിവേലി കുളങ്ങരയിൽ ഐആർഇഎൽ ഖനനം നടത്തുന്നത്. റവന്യൂ വകുപ്പ് മന്ത്രിയായ സി.പി.ഐയുടെ എൻ. രാജനെതിരെയാണ് ഖനനത്തിനെതിരെയുള്ള പ്രതിഷേധം പ്രധാനമായും ഉയരുന്നത്. ഈ സാഹചര്യത്തിൽ സമരസമിതിയുടെ കൺവീനറായി പ്രവർത്തിക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ നേതാവും സി.പി.ഐ മണ്ഡലം കമ്മറ്റി അംഗവുമായ ജഗത് ജീവൻ ലാലി, സി.പി.ഐയുടെ കൗൺസിലർ മഹേഷ്, ജില്ലാ കമ്മിറ്റി അംഗം വിജയമ്മ ലാലി തുടങ്ങിയവരുടെ പ്രവർത്തനം ഫലത്തിൽ സി.പി.ഐയുടെ വകുപ്പിനെതിരെയുള്ള സമരമായി മാറുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സി.പി.ഐയിലെ വിഭാഗീയതയിൽ സംസ്ഥാന സെക്രട്ടറി കാനം പക്ഷത്തിനൊപ്പം നിൽക്കുന്ന റവന്യൂ മന്ത്രിക്കെതിരെ ഇസ്മയിൽ പക്ഷത്തിന് സ്വാധീനമുള്ള കരുനാഗപ്പള്ളിയിലെ ഒരു വിഭാഗം നേതാക്കളാണ് സമരം സംഘടിപ്പിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഇസ്മയിൽ പക്ഷത്തിന്റെ ശക്തനായ വക്താവായ കരുനാഗപ്പള്ളിയിലെ മുൻ എം.എൽ.എ തന്നെയാണ് ഇതിന് മൗനാനുവാദം നൽകുന്നതെന്ന ആക്ഷേപവും ഉയരുന്നു. സി.പി.ഐ കൂടി നേതൃത്വം നൽകുന്ന കരുനാഗപ്പള്ളി നഗരസഭയിലേക്ക് അടുത്തദിവസം സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിലപാട് എടുക്കേണ്ടുന്ന വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് മുന്നിലേക്ക് സമരം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആണെന്ന ആക്ഷേപവുമായി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനം ഉൾപ്പെടെ വഹിക്കുന്ന സി.പി.ഐ യുടെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകുന്ന സമരസമിതിയുടെ നഗരസഭയ്ക്ക് മുന്നിലേക്കുള്ള പ്രതിഷേധ മാർച്ചിനെതിരെയും സി.പി.ഐക്കുള്ളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. താര, മണ്ഡലം സെക്രട്ടറി ഐ. ശിഹാബ് എന്നിവർ ഇതുവരെ ഈ സമരത്തിനോട് യാതൊരു അനുഭാവവും പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ മറ്റു ചില മുതിർന്ന നേതാക്കൾ സമരസമിതിയുടെ പന്തലിൽ എത്തി സമരത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഖനനത്തിനെതിരെ സിപിഐ നേതൃത്വം തന്നെ സമരം നയിക്കുന്നത് ഫലത്തിൽ മുന്നണിക്കകത്ത് സിപിഐ നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കാൻ സഹായിക്കുന്നതാണെന്നാണ് ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ഐആർഇ സമരവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ തന്നെ ജില്ലാ നേതൃത്വം കരുനാഗപ്പള്ളിയിൽ ഇടപെടും എന്നാണ് സൂചന. മുതിർന്ന സിപിഐ നേതാക്കൾ സമരസമിതിയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നത് സംബന്ധിച്ച് ജില്ലാ നേതൃത്വം ശക്തമായ താക്കീത് നൽകാനും സാധ്യതയുണ്ട്. സിപിഐയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായി ഖനന സമരത്തെ ഒരു വിഭാഗം ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മറു പക്ഷവും വാദിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഈ വിഭാഗം ജില്ലാ സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽ വിവരം പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കരിമണൽ ഖനന സമരം സിപിഐക്ക് തലവേദനയായി മാറും എന്ന കാര്യത്തിൽ തർക്കമില്ല

Advertisement