ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതികൾ പിടിയിൽ

കൊല്ലം: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത പ്രതികളെ പോലീസ് പിടികൂടി. പരശുംമൂട്, സുധി ഭവനത്തിൽ അജേഷ്(40), പൂതക്കുളം, സിന്ധു ഭവനത്തിൽ, അഭിലാഷ് (27) എന്നിവരാണ് പരവൂർ പോലീസിൻറെ പിടിയിലായത്.

കഴിഞ്ഞ എട്ടിന് രാത്രിയിൽ സമീറിന് കാലിലുണ്ടായ മുറിവ് ചികിത്സക്കാനായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മൂവരും ഒരു മോട്ടോർ സൈക്കിളിൽ എത്തിയിരുന്നു. രോഗിയോടൊപ്പം ഡ്രസിങ്ങ് റൂമിലേക്ക് പോയ ആളോട് റൂമിന് പുറത്തിറങ്ങി നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാളും കാഷ്വലിറ്റിക്ക് പുറത്തിരുന്ന കൂട്ടാളിയും ചേർന്ന് ആശുപത്രി ജീവനക്കാരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് പുറത്ത് പോയ സംഘം തിരികെയെത്തി ആശുപത്രിക്ക് നേരെ കല്ലെറിയുകയായിരുന്നു.

പരവൂർ പോലീസിൽ പരാതി നൽകിയതിൻറെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസ്സാറിൻറെ നേതൃത്വത്തിൽ എസ്ഐമാരായ നിതിൻ നളൻ, വിജയകുമാർ, പ്രദീപ്, എഎസ്ഐ ബിജു, സിപിഒമാരായ ജിബു, സന്തോഷ്, ജയേഷ്, ലിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement