ലജ്ജാകരം,ശാസ്താംകോട്ട തടാകതീരത്തെ ഭൂമി കൈയ്യേറ്റത്തിൽ അടിമുടി ദുരൂഹത

ശാസ്താംകോട്ട . തടാകതീരത്തെ ഭൂമി കൈയ്യേറ്റത്തിൽ അടിമുടി ദുരൂഹത.തടാകത്തിൽ നിന്ന് അൻപത് മീറ്റർ പോലും അകലെയല്ലാത്ത പരിസ്ഥിതിലോല പ്രദേശത്താണ് മനക്കര സ്വദേശിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അളന്ന് തിരിച്ച് ഇരുപതോളം കല്ലിട്ടത്.കുന്നത്തൂർ താലൂക്കിലെ പ്രധാന സർക്കാർ സംവിധാനങ്ങൾ മുഴുവൻ പ്രവർത്തിക്കുന്ന ഭാഗത്താണ് കയ്യേറ്റം നടന്നതെന്നാണ് ശ്രദ്ധേയം.ശാസ്താംകോട്ട മുൻസിഫ് കോടതിയിൽ നിന്നും വിധി സമ്പാദിച്ചാണ് തങ്ങൾ ഭൂമി അളന്ന്
കല്ലിട്ടതെന്നാണ് മനക്കര സ്വദേശി പറയുന്നത്.എന്നാൽ വസ്തുവിന്റെ അവകാശം സംബന്ധിച്ചടക്കമുള്ള രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.അതിനിടെ മുൻസിഫ് കോടതി നിയോഗിച്ച അഭിഭാഷക
കമ്മീഷൻ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചു.കമ്മീഷന്റെ സന്ദർശനത്തിന് മുന്നോടിയായി കയ്യേറ്റ ഭൂമി തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കുന്നതിന് ബുദ്ധിപരമായി നടത്തിയ നീക്കമാകാം വ്യാഴാഴ്ച കല്ലിട്ടതെന്നാണ് റവന്യൂ അധികൃതരുടെ വിലയിരുത്തൽ.പണ്ട് കാലത്ത് തടാക തീരത്ത് പലർക്കും പട്ടയം നൽകിയിരുന്നെങ്കിലും പിന്നീടത് റദ്ദാക്കിയിരുന്നു.അക്കാലത്ത് കുന്നത്തൂർ താലൂക്ക് അടൂർ താലൂക്കിന്റെ പരിധിയിലായിരുന്നു.ഇതിനാൽ ഇത് സംബന്ധിച്ചുള്ള ഫയലുകൾ കുന്നത്തൂർ താലൂക്ക് ഓഫീസിൽ ലഭ്യമല്ല.കോടതിയുമായി ബന്ധപ്പെട്ട് ഫയലുകൾ പരിശോധിച്ചാൽ മാത്രമേ കൃത്യമായ വിവരം അറിയാൻ കഴിയുകയുള്ളുവെന്ന് കുന്നത്തൂർ തഹസീൽദാർ സുനിൽ കുമാർ പറഞ്ഞു.

അതിനിടെ സ്ഥലം സന്ദർശിക്കാനെത്തിയ തഹസീൽദാർ,താലൂക്ക് സർവ്വേയർ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും വീഡിയോയും മൊബൈൽ ഫോണിൽ പകർത്തിയ കയ്യേറ്റക്കാർ ഇവരെയും പ്രതിയാക്കി കേസ്സ് കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.2000 ത്തിൽ നിലവിൽ വസ്തു കയ്യേറിയവർ അളന്നു തിട്ടപ്പെടുത്താൻ പോലീസ് സഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നതായും സൂചനയുണ്ട്.ഹൈകോടതിയിൽ നിന്നും നേടിയ അനുകൂല വിധി നടപ്പാക്കാനാകും മുൻസിഫ് കോടതിയെ സമീപിച്ചതെന്നാണ് നിഗമനം.തടാക തീരത്ത് രണ്ട് ഏക്കർ ഭൂമി ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം.എന്നാൽ 41 സെന്റ് മാത്രമാണ് പട്ടയം അനുവദിച്ചിട്ടുള്ളത്.ഇവിടെ പട്ടയം അനുവദിച്ചിട്ടുള്ള മറ്റുള്ളവരുടെ ഭൂമി കൂടി ഇവർ വിലയ്ക്ക് വാങ്ങിയതു കൊണ്ടാകും രണ്ടേക്കർ എന്ന് പറയുന്നതെന്നാണ് തഹസീൽദാർ പറയുന്നത്.

കയ്യേറ്റത്തിനെതിരെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, കായല്‍ കൂട്ടായ്മ, പൊതുപ്രവര്‍ത്തകന്‍ ദിലീപ്കുമാര്‍ എന്നിവര്‍ പരാതിയുമായി റവന്യൂ അധികൃതരെ സമീപിച്ചു. തുടര്‍ന്ന്

തഹസീൽദാർ, ഡെപ്യൂട്ടി തഹസീൽദാർ,താലൂക്ക് സർവ്വേയർമാർ എന്നിവരുടെ നേതൃത്വത്തിൽ തീരം അളന്ന് തിട്ടപ്പെടുത്തി.റീ സർവ്വേ 127/1 ബ്ലോക്കിൽപ്പെട്ട സർവ്വേ നമ്പർ 576/1ൽപ്പെട്ട കായൽ പുറംപോക്ക് ഭൂമിയാണിതെന്ന് ബോധ്യപ്പെട്ടു. കായലിൻ്റെ അതിർത്തി നിശ്ചയിച്ച് വാട്ടർ അതോറിട്ടി സ്ഥാപിച്ചിട്ടുള്ള കല്ലുകൾക്കുള്ളിലാണ് ഈ സ്ഥലമെന്നും ബോധ്യപ്പെട്ടു.ഈ കല്ലുകളിൽ നിന്ന് 50 മീറ്റർ അകലം പാലിച്ചേ നിർമ്മാണ പ്രവർത്തനങ്ങൾ പോലും പാടുള്ളു എന്ന വ്യവസ്ഥ നിലനിൽക്കെയാണ് ഒരേക്കറോളം ഭൂമി ഇത്തരത്തിൽ അനധികൃതമായി കൈയ്യേറാൻ ശ്രമം നടത്തിയത്.

Advertisement