ഫേസ് ബുക്കിലൂടെ കുണ്ടറ സിഐയെയും പൊലീസ് സേനയെയും അപകീർത്തിപെടുത്താൻ ശ്രമിച്ചതിന് 6 പേർക്കെതിരെ കേസെടുത്തു

കുണ്ടറ: ഫേസ് ബുക്കിലൂടെ കുണ്ടറ സിഐയെയും പൊലീസ് സേനയെയും അപകീർത്തിപെടുത്താൻ ശ്രമിച്ചതിന് 6 പേർക്കെതിരെ കേസെടുത്തു. കുണ്ടറ സ്വദേശികളായ നീനു നൗഷാദ്, ഭർത്താവ് സാജിദ്, കൊട്ടാരക്കര വാർത്തകൾ, കേരള ടുഡേ എന്നീ ഫേസ് ബുക്ക് പേജുകളുടെ അഡ്മിന്മാർ, അവതാരകർ എന്നിവർക്ക് എതിരെയാണ് കമ്മീഷണറുടെ നിർദേശപ്രകാരം കേസ് എടുത്തത്.

കുണ്ടറ സി.ഐ. ആർ. രതീഷ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞ 15ന് നീനു സമീപവാസികൾക്ക് എതിരെ പരാതി നൽകാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സിഐ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കമ്മിഷണർക്ക് പരാതി നൽകുകയും ഫേസ് ബുക്ക് പേജുകൾ വഴി വ്യാജ പ്രചരണം നടത്തുകയും ചെയ്തു. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചും കമീഷണറും നടത്തിയ അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽ നിന്നും പരാതി വ്യാജമെന്ന് തെളിഞ്ഞു. തുടർന്ന് ഉന്നത അധികാരികൾ നിയമോപദേശം തേടിയ ശേഷമാണ് കേസ് എടുത്തത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ് പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

Advertisement