2050 ൽ കേരളത്തെ സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

ഐ സി ഐ സി ഐ ഫൗണ്ടേഷൻ കൊട്ടാരക്കര നഗരസഭയിലെ ഹരിതകർമ സേനയ്ക്ക് കൈമാറിയ ഇലക്ട്രിക് പിക്കപ്പ് വാഹനങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

കൊച്ചാരക്കര. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2050 ൽ കേരളത്തെ സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ഐ സി ഐ സി ഐ ബാങ്കിന്റെ സി എസ് ആർ ഫണ്ട് വിനിയോഗിച്ച് കൊട്ടാരക്കര നഗരസഭയിലെ ഹരിതകർമസേനയ്ക്ക് നൽകുന്ന ഇലക്ട്രിക് കാർട്ട് പിക്ക് അപ്പ് വാഹനങ്ങളുടെ താക്കോൽ കൈമാറ്റവും വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് ഏറ്റവും കുറവ് അന്തരീക്ഷ മലിനീകരണമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ബ്രഹ്മപുരത്തെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ കൂടുതൽ ശാസ്ത്രീയ മാലിന്യം നിർമാർജന രീതികൾ സംസ്ഥാനത്ത് നടപ്പാക്കും. പൊതുസമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിൽ ഹരിത കർമസേന നിർണായക പങ്കാണ് വഹിക്കുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയുന്നതിന്റെ ഭാഗമായി താദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എസ് ആർ രമേശ്‌ അധ്യക്ഷനായി. വൈസ് ചെയർപേർസൺ വനജ രാജീവ്‌, നഗരസഭാ സെക്രട്ടറി റ്റി വി പ്രദീപ് കുമാർ , ഐ സി ഐ സി ബാങ്ക് റീജിയണൽ ഹെഡുമാരായ എ അജീഷ് കുമാർ, റോബിൻ മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement