കടമ്പനാട് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ രോഗിയുമായി പോകുമ്‌പോള്‍ തടഞ്ഞ് പിടികൂടി

കൊട്ടാരക്കര. കടമ്പനാട് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ രോഗിയുമായി പോകുംവഴി തടഞ്ഞ് പിടികൂടി. പോരുവഴി ഏഴാംമൈല്‍ സ്വദേശി ശ്രീരാജ്(30)നെയാണ് വൈകിട്ട് ചടയമംഗലത്തുവച്ച് ഏനാത്ത് പൊലീസ് തടഞ്ഞ് പിടികൂടിയത്.

കിടപ്പുരോഗിയായ 75കാരിയെ മെഡിക്കല്‍ കോളജില്‍ കാണിച്ചു മടങ്ങും വഴിയാണ് അറസ്റ്റ്. പിന്നീട് മറ്റൊരു ഡ്രൈവറെ വച്ച് ആംബുലന്‍സ് ഏനാത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയ്ക്ക് കൈമാറി. ഉടമ രോഗികളെ വീട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി.
ഇന്നലെയാണ് കടമ്പനാട് കെആര്‍കെപിഎം സ്‌കൂളിലെ മൂന്നു കുട്ടികള്‍ക്ക് കടമ്പനാട് ജംക്ഷനില്‍വച്ച് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ഇതിന്റെ വിഡിയോ പ്രചരിക്കുകയും കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സതേടി പരാതി നല്‍കുകയും ചെയ്തതോടെയാണ് ഒച്ചപ്പാടായത്.


എന്നാല്‍ ഇപ്പോള്‍ ആശുപത്രിയിലുള്ള മൂന്നുപേര്‍ അ്ടങ്ങുന്ന സംഘം മറ്റൊരു കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അത് കണ്ടുകൊണ്ട് വന്ന നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അവരോട് കയര്‍ത്തതാണ് പ്രശ്‌നമായതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യം മര്‍ദ്ദനമേറ്റ കുട്ടി പരാതി നല്‍കിയിട്ടില്ല.


കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ്, ശാസ്താംകോട്ട നെടിയവിള മേഖലകളില്‍ കുട്ടികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതാണ് അക്രമാസക്തരായ കുട്ടികളെ തല്ലി ഓടിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

Advertisement