സോമയാഗം‍: കൂശ്മാണ്ഡി ഹോമം മാർച്ച്‌ 31 ന് തുടങ്ങും, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും

പയ്യന്നൂർ: ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തിൽ അടുത്ത വർഷം നടക്കുന്ന സോമയാഗത്തിന്റെ മുന്നൊരുക്കങ്ങളായ ക്രിയകൾ ആരംഭിച്ചു.

യജമാനനും പത്നിയും കാമക്രോധങ്ങളെ ജയിക്കാനായി നടത്തുന്ന സമ്മിത വ്രതം എന്ന ചടങ്ങാണ് ആദ്യമായി നടന്നത്. യാഗത്തിന്റെ മുന്നൊരുക്കത്തിൽ അതിപ്രധാനമായ അഗ്ന്യാധാനത്തിന്റെ മുന്നോടിയായി നടക്കുന്ന കൂശ്മാണ്ഡി ഹോമം മാർച്ച്‌ 31, ഏപ്രിൽ 1, 2 തീയതികളിലായി യാഗത്തിന്റെ യജമാനൻ കൊമ്പങ്കുളം വിഷ്ണു നമ്പൂതിരിയുടെ ഗൃഹത്തിൽ നടക്കും.

യജമാനനും പത്നിക്കും സമഷ്ടിക്കും അറിഞ്ഞോ അറിയാതേയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡ വ്രതം അനുഷ്ഠിക്കുന്നത്. അമ്മയുടെ ഗർഭത്തിൽ കിടന്ന കാലം മുതൽ അച്ഛനമ്മമാർ ചെയ്തു പോയ തെറ്റുകൾക്ക് വരെ മാപ്പ് പറയുന്ന മന്ത്രങ്ങളാണ് യജൂർവേദം ആരണ്യകത്തിൽ നിന്നുള്ള ഈ മന്ത്രങ്ങൾ. അമ്മിഞ്ഞപ്പാല് ആസ്വദിച്ച്‌ കാലുകൾ കുടയുന്ന സമയത്ത് അച്ഛനെയും അമ്മയെയും ചവിട്ടിയതടക്കമുള്ള കുറ്റങ്ങൾ ഏറ്റ് പറയുന്നതാണ് മന്ത്രങ്ങൾ.

യജുർവേദത്തിൽ കൂശ്മാണ്ഡ മന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങൾ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ചടങ്ങുകൾ . കൂശ്മാണ്ഡ വ്രതം അനുഷ്ഠിക്കുന്ന മൂന്ന് ദിവസം മന്ത്രോച്ചാരണത്തിനൊഴികെ യുള്ള സമയങ്ങളിൽ യജമാനനും പന്തിയും മൗനവ്രതത്തിലായിരിക്കും. വിശ്രമം വെറും നിലത്ത്. ഭക്ഷണം പാലും പഴങ്ങളും മാത്രം. യാഗത്തിന് ഒരുങ്ങി അഗ്ന്യാധാനം ചെയ്യുന്ന വ്യക്തി ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡി വ്രതം അനുഷ്ഠിക്കുന്നത്.

മൂന്ന് ദിവസത്തെ ചടങ്ങുകൾക്ക് ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. നെയ്യും പ്ലാശിൻ കുഴയും പ്ലാശിൻ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങൾ. വസന്ത ഋതുവിൽ ഉത്തരായണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുവരുന്ന മെയ് 2, 3 തീയതികളിലാണ് സോമയാഗത്തിന്റെ മുന്നോടിയായി നടക്കുന്ന ഏറ്റവും പ്രധാന ചടങ്ങായ അഗ്ന്യാധാനം.

Advertisement