പരശുവയ്ക്കൽ കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ‍ ദാസ്ജി ശ്രീരാമ പദം പൂകി

തിരുവനന്തപുരം: പരശുവയ്ക്കൽ കളരിയിൽ ധാർമികം ആശ്രമം മഠാധിപതി സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്ജി ശ്രീരാമ പദം പൂകി.
കേരളത്തിന്റെ തനത് ആയോധനകല കളരിപയറ്റ് കളരി മർമ്മ വിജ്ഞാനം കളരി ചികിത്സ എന്നിവയിൽ അദ്വിതീയ സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം ഈ കലകളുടെ പ്രചാരണത്തിനായി ദേശീയ അന്തർദേശീയ തലങ്ങളിൽ മഹനീയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. അധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക കാർഷിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു സ്വാമി ധർമാനന്ദ സ്വരൂപ ഹനുമാൻ ദാസ്ജി. കുട്ടിക്കാലം മുതൽക്കേ അയോധനകലയിൽ പ്രഗത്ഭനായിരുന്ന സ്വാമിജി മാതൃരാജ്യത്തിന്റെ സേവനത്തിനായി സൈനിക സേവനത്തിലൂടെ തന്റെ കർമമേഖല ആരംഭിച്ചു. തുടർന്ന് ഈ കല അഭ്യസിപ്പിക്കുന്നതിനായി തീരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രത്യേക താല്പര്യ പ്രകാരം, വഴുതയ്ക്കാട് ആസ്ഥാനമായി, ഇന്ത്യൻ സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്‌സ് എന്ന അയോധനപരിശീലന കളരി ആരംഭിച്ചു.

യുവതീയുവാക്കുകളിലും കുട്ടികളിലും ധാർമിക ബോധം വളർത്തുവാനും സമൂഹത്തിൽ നിർഭയമായും ധാർമ്മികമായും ജീവിക്കുവാൻ ഇവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം നേടുവാൻ ഈ സ്‌കൂളിലൂടെ അദ്ദേഹത്തിന് സാധിച്ചു. തിരുവനന്തപുരത്ത് തമലം ആയിരുന്നു ഇദ്ദേഹത്തിന്റ ജന്മ ദേശം. പോലീസ് ട്രെയിനിങ്ങ് കോളേജിൽ കേരളാ പോലീസിന് വളരെക്കാലം ആയോധനകലയുടെ പരിശീലകനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ദൗത്യം നിർവഹിക്കുന്നതിൽ അനിതരസാധാരണമായ നേതൃത്വപാഠവമാണ് മാസ്റ്റർ പ്രകടിപ്പിച്ചത്.

ബിബിസി, ഡിസ്‌കവറി, തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചാനലുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികൾ കളരിപയറ്റ് എന്ന ആയോധന കലയെ ലോക പ്രസിദ്ധമാക്കി. ആത്മവിശ്വാസവും, ആത്മാഭിമാനവും ചോർന്നുപോകാത്ത ഒരു വലിയൊരു ശിഷ്യസമ്പത്ത് അദ്ദേഹം വളർത്തിയെടുത്തു. ബാല്യകാലം മുതൽതന്നെ ഭജനയിലും ഈശ്വരാരാധനയിലും അതീവതല്പരനായ ഇദ്ദേഹം ഹനുമാൻസ്വാമിയുടെ തികഞ്ഞ ഒരു ഉപാസകനായിരുന്നു. ബ്രഹ്മശ്രീ. സ്വരൂപാനന്ദ സ്വാമിയിൽ നിന്നു സന്യാസദീക്ഷ സ്വീകരിച്ച സ്വാമിയുടെ പൂർവാശ്രമ നാമം ബാലചന്ദ്രൻ നായർ എന്നായിരുന്നു. ലോകമെമ്പാടും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും രാഷ്ട്രീയപ്രമുഖരും മഹനീയവ്യക്തിത്വങ്ങളുമടങ്ങുന്ന പതിനായിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയാണ് സ്വാമി. തുടർന്ന് പരശുവക്കൽ കേന്ദ്രമാക്കി കളരിയിൽ ധാർമ്മികം എന്ന പേരിൽ ഒരാശ്രമം സ്ഥാപിക്കുകയും ആത്മീയാന്തരീക്ഷത്തിൽ കളരി പരിശീലനവും, മർമ്മ ചികിത്സയും ഗോപരിപാലനം കൃഷി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുകയും ചെയ്തുവന്ന ഇദ്ദേഹം നിരവധി തവണ മികച്ച ക്ഷീരകർഷക അവാർഡിനർഹനായി. ആശ്രമജീവിതത്തിലൂടെ കൃഷിയുടെ പ്രാധാന്യം പുതിയ തല മുറയെ പഠിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശ്രീരാമനാമ പ്രചാരകനായി ജീവിതത്തിലുടനീളം പ്രവർത്തിച്ചിരുന്ന അദ്ദേഹം ആശ്രമത്തിൽ രാമായണ പഠനത്തിനും പാരായണത്തിനും രാമാ നാമ ജപവും തന്റെ ജീവിത വ്രതമായി അനുഷ്ഠിച്ചുവന്നു.ഭാര്യ: രമാദേവി, മക്കൾ: ഗായത്രീ ബാലചന്ദ്രൻ ഡോ. ഗിരീഷ് ബി ചന്ദ്രൻ, മരുമക്കൾ: ഷാജി ശ്രീധർ, ഡോ. മഞ്ജു ഗിരീഷ്

Advertisement