കോഴിക്കോട്.പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുകയാണ് കോഴിക്കോട്. കായികക്കുതിപ്പുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം കോഴിക്കോടിന്റെ സാംസ്കാരിക തനിമയും രുചിവൈഭവവും വിളിച്ചോതുന്ന മേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. എൻഐടിയിലെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകളോടെ ഇന്ന് കായികമാമാങ്കത്തിന് തുടക്കമാകും.
കായികതാരങ്ങളുടെ വേഗവും കരുത്തും അളക്കാനുള്ള പത്ത് വേദികൾ. പ്രധാന വേദിയായ എൻഐടി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം രാത്രിയിലും പകലെന്നപോലെ മത്സരങ്ങൾ ആസ്വദിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നു. ഇന്ന് മുതൽ 31 വരെ നീളുന്ന മേളയിൽ 15,000-ത്തോളം പേരാണ് പങ്കാളികളാകുന്നത്. ഇന്ന് ഉദ്ഘാടനച്ചടങ്ങുകൾ, മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും.
കേരളത്തിലെ പ്രമുഖ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് ഊട്ടുപുരയിൽ. ഇത്തവണ ചിക്കനും ബീഫും ഉണ്ടാകുമെന്ന് മന്ത്രി..
കോഴിക്കോടിന്റെ ആതിഥേയത്വത്തിനും രുചിപ്പെരുമയ്ക്കും കൂടി മാറ്റുരയ്ക്കാനുള്ള അവസരമാണ് സംസ്ഥാന സ്കൂൾ കായികമേള. നാലായിരത്തോളം താരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും മൂവായിരം കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മിഴിവേകും. ലഹരിക്കെതിരായ സന്ദേശമായ ‘സേ നോ ടു ഡ്രഗ്സ്’ ഉയർത്തുന്ന മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ വിഭാഗത്തിൽ രണ്ടായിരത്തോളം കായികതാരങ്ങൾ മത്സരിക്കും. കായികമികവിന്റെ പോരാട്ടങ്ങൾക്കൊപ്പം കോഴിക്കോടിന്റെ രുചിയും സംസ്കാരവും ആതിഥേയത്വവും ഒരുമിക്കുന്ന ഏഴു ദിവസങ്ങൾക്കാണ് ഇനി കാത്തിരിപ്പ്. ട്രാക്കിലും ഫീൽഡിലും റെക്കോർഡുകൾ പിറക്കുമ്പോൾ, മേളയുടെ ഓർമകളിൽ കോഴിക്കോടിന്റെ സ്നേഹസൽക്കാരവും ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് നാട്.





























