ഇരട്ട വോട്ട് വിവാദത്തിൽ ഫീൽഡ് ഓഫിസറെ സസ്‌പെന്റ് ചെയ്യാൻ നിർദ്ദേശം, പത്തനംതിട്ടയിലും പരാതി

കാസറഗോഡ് /പത്തനംതിട്ട. ചീമേനിയിലെ ഇരട്ട വോട്ട് വിവാദത്തിൽ ഫീൽഡ് ഓഫിസറെ സസ്‌പെന്റ് ചെയ്യാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഫീൽഡ് ഓഫിസർ എം പ്രദീപനെ സസ്‌പെന്റ് ചെയ്യാനാണ് ജില്ലാ വരണാധികാരി കെ ഇമ്പശേഖർ നിർദ്ദേശം നൽകിയത്. എം പ്രദീപ് ഇടത്പക്ഷത്തിന് കള്ള വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശമുൾപ്പെടെ ചീമേനി സ്വദേശി എം വി ശില്പരാജാണ് പരാതി നൽകിയത്. പത്തനംതിട്ടയിൽ ഇടത് മുന്നണി കള്ളവോട്ടിനായി തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നതായി ആരോപിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും പരാതി നൽകിയിട്ടുണ്ട്….

ഫീൽഡ് ഓഫിസറായ എം പ്രദീപ് ചീമേനി ചെമ്പ്രക്കാനം സ്വദേശി എം വി ശില്പരാജിന്റെ വീട്ടിൽ നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്താണ് ജില്ലാ കളക്ടർക്ക് മുന്നിൽ പരാതി എത്തിയത്. ശില്പരാജിന്റെ ഇരട്ട വോട്ട് റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ ഇക്കാര്യം അന്വേഷിക്കാൻ വീട്ടിൽ എത്തിയതായിരുന്നു ഫീൽഡ് ഓഫിസറായ പ്രദീപും സംഘവും… ഇതിനിടയിലാണ് അഞ്ചു സ്ഥലത്ത് ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, താൻ അത് റിപ്പോർട്ട് ചെയ്യാത്തത് ഇടത്പക്ഷത്തിനു അധികം വോട്ട് ലഭിച്ചോട്ടെ എന്ന് കരുതിയാണെന്നും പ്രദീപ്‌ ശില്പരാജിനോട് പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ കെ ഇമ്പശേഖരുടെ നടപടി. ഫീൽഡ് ഓഫിസർ എം പ്രദീപിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യും… ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഇടത് മുന്നണി കള്ള വോട്ടിനായി തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്നതായി ആരോപിച്ച് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കള്ള വോട്ട് ചെയ്യേണ്ടവരുടെ യോഗം എൽ ഡി എഫ് വിളിച്ചു ചേർത്തെന്നും പരാതിയിലുണ്ട്….

സംസ്ഥാനത്ത് കള്ള വോട്ട് ചൂണ്ടിക്കാട്ടി വ്യാപക പരാതി ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്

Advertisement