നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി.ജെ.കുര്യനെന്ന് അനില്‍ ആന്റണി

സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ പ്രചാരണത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ ഒരു കാരണവശാലും ഈ വിഷയം ചര്‍ച്ചയാക്കരുതെന്നാണ് ആന്റോ ആന്റണിയും കൂട്ടരും വാശിയോടെ നിലപാടെടുക്കുന്നത്. തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് പ്രചാരണം നടത്തിയെന്ന് അനില്‍ ആന്റണി പറഞ്ഞു.
അതിനുശേഷം പി.ജെ. കുര്യന്‍ തമ്പടിച്ച് പ്രചാരണം നടത്തിയെങ്കിലും അതും നനഞ്ഞ പടക്കമായി. അതിനുശേഷമാണ് സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച തന്റെ പിതാവ് എകെ ആന്റണിയെക്കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിച്ചത്. എന്നാല്‍ അതും ഏറ്റില്ല. അതിനുശേഷമാണ് കേരള സമൂഹത്തില്‍ തന്നെ അറിയപ്പെടുന്ന ക്രിമിനല്‍ ആയ നന്ദകുമാര്‍ എന്നയാളെക്കൊണ്ട് നിലവാരം കുറഞ്ഞ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. പല കേസുകളിലെ പ്രതിയാണ് അയാള്‍. സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും 12 വര്‍ഷം മുന്‍പ് നന്ദകുമാറിനെ കണ്ടിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു.
2013 ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ല. പി.ജെ. കുര്യന്‍ കള്ളം പറയുകയാണ്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് ഇപ്പോള്‍ തനിക്കെതിരായ ആരോപണം ശരിവെച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനാണെന്ന് അനില്‍ ആന്റണി ആരോപിച്ചു. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് അന്ന് നന്ദകുമാര്‍ വന്നത്. നടക്കാത്ത കാര്യങ്ങളാണ് എന്നോട് പറഞ്ഞത്.
പി.ജെ. കുര്യന്റെ ശിഷ്യന്‍ പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചതായും, ഇപ്പോള്‍ ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി.ജെ. കുര്യന്‍ ചേര്‍ന്നാണ് നന്ദകുമാറിനെ ഇറക്കിയതെന്നും അനില്‍ ആന്റണി പറഞ്ഞു. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീര്‍പ്പാക്കിയത് നന്ദകുമാര്‍ ഇടപെട്ടായിരുന്നു. രാഷ്ട്രീയ കുതികാലു വെട്ടുന്ന പി.ജെ. കുര്യന്‍ മുമ്പ് കരുണാകരനെയും ആന്റണിയെയും ചതിച്ചുവെന്നും അനില്‍ ആന്റണി ആരോപിച്ചു.

Advertisement