വാര്‍ത്താനോട്ടം

2024 മാർച്ച് 01 വെള്ളി

🌴കേരളീയം🌴

🙏വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാനും മറ്റൊരു പ്രതിയും കീഴടങ്ങി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

🙏സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് വയനാട് എസ്പി മേല്‍നോട്ടം വഹിക്കും. കല്‍പ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

🙏രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കി മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാജ്ഭവന്‍. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ അടങ്ങുന്ന ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല ഭേദഗതി ബില്‍ 2021 എന്നിവയാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത്.

🙏വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പട്ടിക. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടികയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

🙏ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ തുടരും. സ്റ്റേ നീക്കം ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വ്യക്തിപരമായി പരാതിയുള്ളവര്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സര്‍ക്കാരും, അധ്യാപകരും നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

🙏തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ടുപ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് പി. ജയരാജന്‍. കഴിഞ്ഞ ഡിസംബര്‍ 20-നാണ് കോടതിയുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് വന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരം അസാധാരണ നടപടികള്‍ ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കിയിരുന്നു.

🙏ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതോടെ പോലീസ് എത്തി എംപിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

🙏28 സംസ്ഥാനങ്ങള്‍
ക്കായി 1,42,122 കോടി രൂപ നികുതിവിഹിതമായി കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചതില്‍ കേരളത്തിനു അനുവദിച്ചത് 2,736 കോടി രൂപ. 25,495 കോടി രൂപ അനുവദിച്ച ഉത്തര്‍പ്രദേശിനാണ് ഏറ്റവും ഉയര്‍ന്ന നികുതിവിഹിതം ലഭിച്ചത്.

🙏ബിനോയ് കോടിയേരിക്ക് ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകളും നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

🇳🇪 ദേശീയം 🇳🇪

🙏മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ അത്താഴ വിരുന്നിന് ക്ഷണിച്ച് ശരദ് പവാര്‍. നാളെ ബാരാമതിയിലെ പവാറിന്റെ വസതിയിലേക്കാണ് ഭരണപക്ഷ നേതാക്കളെ ക്ഷണിച്ചത്.

🙏കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ഹിമാചല്‍ പ്രദേശില്‍ ഡികെ ശിവകുമാറിന്റെ ഇടപെടല്‍ വിജയം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന് എതിരെ നിന്ന പിസിസി പ്രസിഡന്റിനെയും ഒന്നിച്ചുനിര്‍ത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഷിംലയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

🙏ഉത്തര്‍പ്രദേശില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ കാലം. പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ പ്ലസ് ടു ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.

🙏സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അനധികൃത മണല്‍ഖനന കേസില്‍ സിബിഐയ്ക്ക് മുന്നില്‍ ഇന്നലെ ഹാജരായില്ല. ബിജെപിയുടെ ഏജന്‍സി ആയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് ഹാജരാകാതിരുന്നതെന്നും അഖിലേഷ് പറഞ്ഞു.

🙏ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി റിട്ട. ജഡ്ജി എ കെ വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരാണ് നിയമനം നടത്തിയത്.

🙏വീല്‍ചെയര്‍ കിട്ടാതെ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ 30 ലക്ഷം രൂപ പിഴ നല്‍കണമെന്ന് ഡി ജി സി എ. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൌരനുമായ 80കാരന്‍ വീല്‍ചെയര്‍ കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചത്.

🇦🇽 അന്തർദേശീയം 🇦🇺

🙏ഭക്ഷണവിതരണ
കേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീനികള്‍ക്കു നേരെ ഗാസയില്‍ ഇസ്രയേല്‍ സേനയുടെ വെടിവെപ്പ്. 112 പേര്‍ കൊല്ലപ്പെടുകയും 700-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

🙏ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 43 മരണം. ബെയ്‌ലി റോഡിലെ ഏഴ് നില കെട്ടിടത്തിലെ റസ്റ്റോറന്റില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

🙏സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജഫൂറ താഴ്വരയില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഈ കണ്ടെത്തല്‍ സൗദി ഊര്‍ജ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.

🏏 കായികം🏏

🙏വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 25 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🙏ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. 2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ സീരി എ ക്ലബ് യുവന്റസിന്റെ മധ്യനിര താരം കൂടിയായ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

Advertisement