വാർത്താനോട്ടം

‘2024 ഫെബ്രുവരി 29 വ്യാഴം

BREAKING NEWS

👉പാലക്കാട് കഞ്ചിക്കോട് രണ്ട് സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക് ; രാവിലെ 7.40നായിരുന്നു അപകടം.

👉കോട്ടയം രാമപുരത്ത് വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. ഫാക്ടറി പൂർണ്ണമായി കത്തി നശിച്ചു.

👉വിവാദ പരാമർശം, ബി ജെ പി വയനാട് ജില്ലാ പ്രസിഡൻ്റിന് കസേര തെറിച്ചു

👉ഒളിവിലായിരുന്ന തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

👉പന്തളത്ത് 41 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

👉ഇടുക്കിയിലെ വന്യ ജീവി ആക്രമണം;പ്രമേയവുമായി ഇടുക്കി രൂപത

🌴കേരളീയം🌴

🙏കടമെടുപ്പ് പരിധിയില്‍ കേരളവുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ്.

🙏നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.

🙏കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാന്‍ ഉത്തരവിടുക, ആര്‍ ആര്‍ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാരം സമരം.

🙏പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയതല്ലെന്ന് അച്ഛന്‍ ജയപ്രകാശ്. മകനെ കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛന്റെ ആരോപണം. സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.

🙏അഡ്വക്കറ്റ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ . അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് ഹൈക്കോടതി പരിഗണിക്കും.

🙏എന്‍ഡിഎ പദയാത്ര ഗാനവിവാദത്തില്‍ ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറിനെതിരെ നടപടിയുണ്ടാവില്ല. ബിജെപി ഐടി സെല്‍ നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഇനിമുതല്‍ നിര്‍വഹിക്കുക എന്‍ഡിഎ ഐടി സെല്‍ ആയിരിക്കും.

🇳🇪 ദേശീയം 🇳🇪

🙏രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ നാടകീയതകള്‍ക്കിടയില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു രാജി വെച്ചെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ രാജിവെക്കില്ലെന്നും പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും രാജി വാര്‍ത്ത തള്ളിക്കൊണ്ട് സുഖു പ്രതികരിച്ചു.

🙏ഇന്നലെ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചവര്‍ ക്രോസ് വോട്ട് ചെയ്തു എന്ന് ഹിമാചലിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിപ്പിച്ച ഒന്‍പത് എംഎല്‍എമാര്‍ക്ക് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

🙏ഹിമാചല്‍ പ്രദേശില്‍ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ നടന്ന വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടി.

🙏അസം കോണ്‍ഗ്രസിലും പ്രതിസന്ധി. അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് തീരുമാനം.

🙏ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ദൗത്യം 2025 ല്‍ സാധ്യമാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങള്‍ നടത്തുന്നതാണ്. ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം ജൂലൈയില്‍ ഉണ്ടാകും.

🙏വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാസം തോറും 12000 രൂപ ശമ്പളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നത്.

🙏തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി തെലങ്കാന സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയും നിലവില്‍ വന്നു.

👍ഗുജറാത്ത് തീരത്ത് ആയിരം കോടി രൂപയുടെ വന്‍ ലഹരിവേട്ട. ബോട്ട് മാര്‍ഗം ഇന്ത്യയിലേക്ക് ലഹരി കടത്താന്‍ ശ്രമിച്ച ഇറാന്‍, പാകിസ്ഥാന്‍ സ്വദേശികളായ 5 പേരില്‍ നിന്ന് 3,300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

Advertisement