ഡിവൈഎഫ്ഐ നേതാവിൻ്റെ നേതൃത്വത്തിൽ ആക്രമണം,ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

ആലപ്പുഴ.വാക്ക് തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദാ (27)ണ് കൊല്ലപ്പെട്ടത്. കേസിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് ജഗദ് സൂര്യൻ ഉൾപ്പെടെ ഉൾപ്പടെ അഞ്ചുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു


ഞായറാഴ്ച്ച നടന്ന ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉൽസവത്തിനിടെ പ്രദേശത്തെ യുവജനങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ആഘോഷം കഴിഞ്ഞ് മടങ്ങിയവർ ക്ഷേത്രത്തിന് സമീപുള്ള മാത്തേരി ജംക്ഷനിൽ വെച്ച് വീണ്ടും ഏറ്റുമുട്ടി.

ഇതിനിടെ ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യൻ ഉൾപ്പെട്ട 5 അംഗ സംഘം നന്ദു ശിവാനന്ദനെയും കൂട്ടുകാരെയും ആക്രമിച്ചു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ സാരമായി പരിക്കേറ്റ നന്ദുവിനെ ആദ്യം ആലപ്പുഴയിലെ ആശുപത്രിയിലും പിന്നാലെ വിദഗ്ധ ചികിൽസയ്ക്കായി എറണാകുളത്തേക്കും കൊണ്ടുപോയി. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വൈകുന്നേരം മരിച്ചു. നന്ദുവിൻ്റെ തലയ്ക്ക് പത്തിലധികം അടിയേറ്റിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുയുള്ളു. സംഭവത്തിൽ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജഗത് സൂര്യൻ അർജുൻ, ഇന്ദ്രജിത്ത്, സഹോദരങ്ങളായ സജിത്, സജി എന്നിവരെ അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടും തിങ്കളാഴ്ച്ച വൈകുന്നേരം വരെ പോലീസ് FIR രജിസ്റ്റർ ചെയ്യാതിരുന്നത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് ആക്ഷേപമുണ്ട്.

Advertisement