നടിയെ ആക്രമിച്ച കേസിൽ അതിജീവിത സുപ്രീംകോടതിയിലേക്ക്

Advertisement

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം പൂർത്തിയായ കേസിൽ പരാതിക്കാരിയായ തനിക്ക് അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമാക്കുന്നില്ലെന്നും ആരോപണമുണ്ട്.
കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിലാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉത്തരവിട്ടത്. ജനുവരി 7നകം അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ നടപടി പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പ്രിൻസിപ്പൽ ജ‍ഡ്ജും വിചാരണ കോടതി ജഡ്ജുമായ ഹണി എം വർഗീസിനായിരുന്നു അന്വേഷണത്തിനുള്ള നിർദ്ദേശം. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി 20 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ കോടതി ഇതുവരെ കേസ് എടുക്കുകയോ മറ്റ് തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Advertisement