കെഎസ്ആര്‍ടിസി, മന്ത്രിയും യൂണിയനുകളും ചര്‍ച്ച ഇന്ന്

തിരുവനന്തപുരം.കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ ഇന്ന് ചർച്ച നടത്തും. മന്ത്രിയായി ചുമതലയേറ്റ ശേഷം ഗണേഷ് കുമാർ തൊഴിലാളികളുമായി നടത്തുന്ന ആദ്യ ചർച്ചയാണ് ഇന്ന് നടക്കുക. പുതിയ മന്ത്രിയിൽ വലിയ പ്രതീക്ഷ അർപ്പിച്ചാണ് ചർച്ചയ്ക്കെത്തുന്നത് എന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ശമ്പള വിഷയമടക്കം തൊഴിലാളികൾ ചർച്ചയിൽ ഉന്നയിക്കും.

ശമ്പള വിതരണം, പെൻഷൻ, കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി, സപ്ലിമെൻററി സാലറി തുടങ്ങിയ വിഷയങ്ങൾ ആകും പ്രധാനമായും ചർച്ചയാവുക. മന്ത്രി വിളിച്ച ചർച്ചയെ സ്വാഗതം ചെയ്ത തൊഴിലാളികൾ കെഎസ്ആർടിസിയെ പൊതുമേഖല സ്ഥാപനമായി തന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടു. പുതിയ മന്ത്രി വന്നിട്ടും ഈ മാസത്തെ ശമ്പളവും നൽകിയില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് എം വിൻസൻറ് പറഞ്ഞു. കെഎസ്ആർടിസി ലാഭകരമാക്കാൻ ബസ്സുകൾ വെട്ടിക്കുറക്കുന്ന നടപടി ശരിയല്ലെന്നും എം വിൻസൻറ്.

തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ഏത് മാറ്റത്തെയും അംഗീകരിക്കുമെന്നും കൂടുതൽ ബസ്സുകൾ ഇറക്കി സർവീസുകൾ കാര്യക്ഷമമാക്കണമെന്നും ബിഎംഎസ് പ്രസിഡൻറ് അജയകുമാർ.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെയും ശമ്പളം കൃത്യമായി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഈ വിഷയം ഉൾപ്പെടെ ചർച്ചയിൽ സജീവമാക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച.

Advertisement