ഡിജിറ്റൽ വിദ്യാഭ്യാസം പരാജയം, നടന്നത് 140 കോടിയുടെ അഴിമതി:ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കാലഹരണപ്പെട്ട ഗുണമേന്മയില്ലാത്ത ഇലക്ടോണിക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ ഏകദേശം 140 കോടിയിലധികം രൂപയുടെ അഴിമതിയുണ്ട് എന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ് ചൂണ്ടിക്കാട്ടുന്നു.  സിപിഎമ്മിനൊപ്പമായിരുന്നപ്പോൾ നവകേരളം കർമ്മ പദ്ധതിയുടെ കോർഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ചെറിയാൻ ഫിലിപ്പ്.

ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ 730 കോടി രൂപയാണ് വിനിയോഗിച്ചത്. 4752 സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ 493.5 കോടി രൂപ മുടക്കി. 11257 പ്രൈമറി സ്ക്കൂളുകളിലെ ഹൈടെക് ലാബുകൾക്കും അനുബന്ധ സംരംഭങ്ങൾക്കും 237 കോടി രൂപ ചെലവഴിച്ചു.

കിഫ്ബിയിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് സർക്കാർ കമ്പനിയായ കൈറ്റ് മുഖേന വിവിധ ഉപകരണങ്ങൾ വാങ്ങിയത്. തായ് വാൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയുടെ ലോകവിപണിയിൽ ചെലവാകാതെ കെട്ടിക്കിടന്ന പഴയ മോഡൽ ഉല്പന്നങ്ങളാണ് കേരളത്തിലിറക്കിയത്. സർക്കാരിന്റെ പർച്ചേസ് ചട്ടങ്ങൾ പാലിക്കാതെ മാനദണ്ഡ രഹിതമായാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. അന്നത്തെ കമ്പോള വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് സാധന സാമഗ്രികൾ വാങ്ങിയത്.

ലാപ്പ്ടോപ്പ് കമ്പ്യൂട്ടർ, എൽ.സി.ഡി പ്രൊജക്ടർ, സ്ക്രീൻ, യു.എസ്.ബി സ്പീക്കർ, ടെലിവിഷൻ, ക്യാമറ തുടങ്ങിയവയാണ് സ്കൂളുകൾക്ക് നൽകിയത്. ഇവയിൽ മിക്കവയും ഉപയോഗശൂന്യമാണ്. വാറണ്ടി കാലാവധി തീർന്നതിനാൽ കേടായവ നന്നാക്കാനാവുന്നില്ല. സ്പെയർ പാർട്ടുകളും ലഭ്യമല്ല.

എൽ.ഇ.ഡി പ്രൊജക്ടറും എൽ.ഇ.ഡി സ്ക്രീനും സാർവത്രികമായ ശേഷമാണ് വില്പന നിന്നു പോയ പ്രൊജക്ടറും സ്ക്രീനും വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കണ്ടം ചെയ്ത ഉപകരണങ്ങൾ മിക്ക സ്കൂളുകളിലും സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഡിജിറ്റൽ വിദ്യാഭ്യാസ പാഠ്യഭാഗങ്ങൾ അടങ്ങിയ സമഗ്ര പോർട്ടൽ അപൂർണ്ണവും വികലവുമാണ്. പുതിയ സമ്പ്രദായ പ്രകാരം പഠിപ്പിക്കുന്നതിന് അദ്ധ്യാപകർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ല. ബി.എസ്.എൻ.എൽ കണക്ഷൻ സ്കൂളുകളിൽ നിർത്തലാക്കിയതോടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ഇല്ലാതായി. പകരം വന്ന കെ. ഫോൺ മിക്കയിടത്തും പ്രാവർത്തികമായിട്ടില്ലെന്നും ചെറിയാന്‍പറയുന്നു.

പ്രമാദമായ ഈ അഴിമതിയുടെ കറുത്ത കരങ്ങൾ ഏതൊക്കെയെന്ന് താമസിയാതെ തെളിവുകൾ സഹിതം പുറത്തുവരും.

Advertisement