ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി

ശബരിമല.പ്രസാദ ശുദ്ധി ക്രിയകളോടെ ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി. മകരജ്യോതി ദർശനത്തിനായി രണ്ട് ലക്ഷത്തോളം തീർത്ഥാടകരെയാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. പർണശാലകൾ കെട്ടി തമ്പടിക്കുന്ന അയ്യപ്പന്മാർക്കായി വിപുലമായ സുരക്ഷയാണ് സാന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്…

ഇന്ന് വൈകുന്നേരം നടന്ന പ്രസാദ ശുദ്ധിക്രിയകളോടെയാണ് ശബരിമലയിൽ മകരവിളക്കിന്റെ ഭാഗമായുള്ള ചടങ്ങുകൾക്ക് തുടക്കമായത്. നാളെ രാവിലെ ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധിക്രിയകൾ നടക്കും. മകരവിളക്കിന് മുന്നോടിയായി പതിനായിരങ്ങളാണ് സന്നിധാനത്ത് പർണശാലകൾ കെട്ടി തമ്പടിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് അവലോകന യോഗം ചേർന്നു. മകരജ്യോതി ദർശനത്തിനായി ഒരുക്കിയ പത്ത് വ്യൂ പോയിന്റുകളിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് 2,500ലധികം പോലീസുകാർക്ക് പുറമെ 250 ഉദ്യോഗസ്ഥരെ കൂടി അധികം നിയോഗിക്കും.

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായുള്ള സംഘം പന്തളം കൊട്ടാരത്തിൽ നിന്ന് യാത്ര തിരിച്ചു. വിവിധ സ്ഥലങ്ങളിൽ ദർശനത്തിന് വെച്ച ശേഷം അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ ഘോഷയാത്ര സമാപിച്ചു. 15 ന് രാവിലെ കാനന പാതയിൽ പ്രവേശിക്കുന്ന തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദീപാരാധനയ്ക്ക് മുൻപ് പാണ്ടിത്താവളം വഴി സന്നിധാനത്ത് എത്തും

Advertisement