ട്രെയിനിൽ മിഡിൽ ബെർത്ത് നിവർത്തിവെയ്ക്കാൻ ചങ്ങലയില്ല; പരാതിയുമായി നിരവധി യാത്രക്കാർ, ഒടുവിൽ പരിഹാരം

Advertisement

ഭുവനേശ്വർ: ട്രെയിനുകളിലെ അമിതമായ ജനത്തിരക്കും റിസർവേഷൻ കോച്ചുകളിൽ സീറ്റ് ബുക്ക് ചെയ്തവർക്ക് സീറ്റിനടുത്തേക്ക് പോലും എത്താത്ത തരത്തിൽ മറ്റ് യാത്രക്കാർ കോച്ച് കൈയടക്കുന്നതും പോലുള്ള നിരവധി സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇതിനിടെ കഴിഞ്ഞ ദിവസം ഒഡിഷയിലെ ഒരു ട്രെയിനിൽ കയറിയവർക്ക് നേരിടേണ്ടി വന്നതാവട്ടെ വളരെ വ്യത്യസ്തമായ മറ്റൊരു അനുഭവവും.

18452 പുരി – ഹടിയ എക്സ്പ്രസ് (തപസ്വിനി എക്സ്പ്രസ്) ട്രെയിനിന്റെ എസ് 6 കോച്ചിൽ യാത്ര ചെയ്തിരുന്നവർ രാത്രി ഉറങ്ങാൻ നോക്കിയപ്പോഴാണ് ട്രെയിനിലെ പ്രശ്നം മനസിലായ്. സ്ലീപ്പർ കോച്ചിൽ മിഡിൽ ബെർത്ത് നിവർത്തി വയ്ക്കാനുള്ള ചങ്ങലകൾ അപ്രത്യക്ഷമായിരിക്കുന്നു. ഒരു കോച്ചിൽ ഏതാണ്ടെല്ലാ സീറ്റുകളിൽ നിന്നും ചങ്ങലകൾ അപ്രത്യക്ഷമായിട്ടുണ്ട്. താഴെയും മുകളിലുമുള്ള ബെർത്തുകളിലെ യാത്രക്കാർ കിടന്നുകഴിഞ്ഞാൽ പിന്നെ നിൽക്കാനും ഇരിക്കാനും പോലും സ്ഥലം കിട്ടില്ലെന്ന് മനസിലാക്കിയ മിഡിൽ ബെർത്തിലെ യാത്രക്കാർ പരിഭ്രാന്തരായി.

ഒടുവിൽ പരാതിയുമായി ടിടിഇയെ സമീപിച്ചു. മിക്ക സീറ്റുകളിലെയും ചങ്ങലകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ട്രെയിൻ ഭുവനേശ്വർ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു അധിക കോച്ച് കൂടി ട്രെയിനിനൊപ്പം ചേർത്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. ചങ്ങല നഷ്ടമായത് കാരണം മിഡിൽ ബെർത്തിൽ കിടക്കാനാവാതിരുന്ന യാത്രക്കാരെ എല്ലാവരെയും ഈ അധിക കോച്ചിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.

“രാത്രി 8.45ന് പുരി സ്റ്റേഷനിൽ നിന്ന് തപസ്വിനി എക്സ്പ്രസിൽ കയറിയ ശേഷം ഉറങ്ങാൻ തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങിയപ്പോഴാണ് മിഡിൽ ബെർത്തിന് ചങ്ങലയില്ലെന്ന് മനസിലാക്കിയത്. ടിക്കറ്റ് എക്സാമിനറെ അറിയിച്ച ശേഷം ട്രെയിൻ ഭുവനേശ്വർ സ്റ്റേഷനിൽ എത്തിയപ്പോൾ അധിക കോച്ച് ഘടിപ്പിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു” എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് റെയിൽവെ സി.പി.ആർ.ഒ അശോക കുമാർ മിശ്രയും സംഭവം സ്ഥിരീകരിച്ചു. ചങ്ങലകൾ എങ്ങനെ നഷ്ടമായെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.

Advertisement