അര നൂറ്റാണ്ടിന് ശേഷം പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക എസി ട്രെയിന്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യമായാണ് എസി തീവണ്ടി ഓടുന്നത്. കൊച്ചുവേളിയില്‍ നിന്നും താംബരം വരെയാണ് പുതിയ സര്‍വീസ്.
പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിച്ച് എസി തീവണ്ടിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. താംബരം – കൊച്ചുവേളി എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്നും സര്‍വീസ് ആരംഭിക്കും. മധുര,ചെങ്കോട്ട, പുനലൂര്‍, കൊല്ലം വഴി അടുത്തദിവസം ഉച്ചയ്ക്ക് 1 .40 ന് കൊച്ചുവേളിയില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസ്. പുനലൂരില്‍ രാവിലെ 11 .10 നും കൊട്ടാരക്കരയില്‍ 11. 43നുമാണ് ട്രെയിന്‍ എത്തുക.
കൊച്ചുവേളി- താംബരം എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3. 35ന് കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കൊല്ലം, പുനലൂര്‍, ചെങ്കോട്ട, മധുര വഴി പിറ്റേന്ന് രാവിലെ 7. 35ന് താംബരത്ത് എത്തും. കൊട്ടാരക്കരയില്‍ വൈകിട്ട് 5. 12 ഉം പുനലൂരില്‍ 5. 40 നും എത്തിച്ചേരും.