കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ തേടി പൊലീസും നാട്ടുകാരും വലഞ്ഞത് മണിക്കൂറുകൾ;ഒടുവിൽ കണ്ടെത്തിയത് വീടിനു സമീപത്തെ പള്ളി പരിസരത്തു നിന്നും

തേവലക്കര/കുന്നത്തൂർ:ട്യൂഷൻ സെന്ററിലെ ക്ലാസ്സ് കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂളിൽ കയറാതെ മുങ്ങി.വൈകിട്ട് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിക്കുമ്പോഴാണ് സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.

കുന്നത്തൂരിലെ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ തേവലക്കര സ്വദേശിനിയെയാണ് തിങ്കളാഴ്ച കാണാതായത്.ക്രിസ്മസ് അവധിക്കു ശേഷം സ്കൂൾ തുറന്ന ദിവസം രാവിലെ 7.30 ഓടെ പിതാവാണ് മകളെ ഇരുചക്ര വാഹനത്തിൽ കുന്നത്തൂരിലെ ട്യൂഷൻ സ്ഥാപനത്തിൽ എത്തിച്ചത്. ഒൻപതോടെ ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോയ കുട്ടി അവിടെ എത്തിയില്ല.അവധി ദിവസങ്ങളിൽ
എൻഎസ്എസ് ക്യാമ്പ് ആയിരുന്നതിനാൽ ക്യാമ്പിൽ പങ്കെടുത്ത ചില കുട്ടികൾ ക്ലാസിൽ എത്തിയിരുന്നില്ല.കാണാതായ കുട്ടിയും ഇത്തരത്തിൽ എത്താതിരുന്നതാണെന്ന് ആയിരുന്നു സ്കൂൾ അധികൃതർ കരുതിയിരുന്നത്.എന്നാൽ വീട്ടുകാരാകട്ടെ കുട്ടി സ്കൂളിലാണെന്ന വിശ്വാസത്തിലുമായിരുന്നു.വൈകിട്ട് എത്താതിരുന്നപ്പോഴാണ് കാണാതായെന്ന വിവരമറിയുന്നത്.

പരിസരത്തെല്ലാം അന്വേഷണം നടത്തിയ ശേഷം രക്ഷിതാക്കൾ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ പെൺകുട്ടിയുടെ ഫോട്ടോ സഹിതം പോലീസ് സാമൂഹ്യ മാധ്യങ്ങളിൽ അറിയിപ്പ് നൽകി. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ഇരു പ്രദേശത്തും നാട്ടുകാരും യുവാക്കളും തിരച്ചിൽ ആരംഭിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം സബ്ബ് ഡിവിഷനിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിൽ നിന്നും അന്വേഷണം ഊർജിതമാക്കി.നാടാകെ പോലീസ് അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ രാത്രി എട്ടോടെ വീടിനു സമീപത്തുള്ള പള്ളി പരിസരത്ത് ഒളിച്ചിരിക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് രാത്രിയിൽ കുട്ടിയെ തേടി നാടാകെ തപ്പിയിറങ്ങിയ
പോലീസിനും നാട്ടുകാർക്കും വീട്ടുകാർക്കും ആശ്വാസമായത്.മുൻപ് രണ്ട് തവണ കുട്ടിയെ ഇത്തരത്തിൽ കാണാതായിട്ടുള്ളതായി പറയപ്പെടുന്നു.

Advertisement