വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിക്ക് 18 വർഷം തടവ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും 18 വർഷം തടവുശിക്ഷയും കോടതി വിധിച്ച് കോടതി.

പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പോക്സോ പ്രകാരം പിടിയിലായ കോട്ടുകാൽ കഴിവൂർ നെല്ലിമൂട് തേരി വിള പുത്തൻ വീട്ടിൽ ബിജുവിനെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജ് കെ വിദ്യാധരൻ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2016ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ കെ .എസ് സന്തോഷ്‌ കുമാർ ഹാജരായി.

കഴിഞ്ഞ ദിവസം കോഴിക്കോട് പോക്സോ കേസിൽ 11 വർഷം കഠിനതടവ് കോഴിക്കോട് പോക്സോ കോടതി വിധിച്ചിരുന്നു. 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടുപറമ്പിൽ അതിക്രമിച്ചുകയറുകയും ചെയ്ത ബസ് ജീവനക്കാരനെയണ് 11 വർഷം കഠിനതടവും 1,25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. കോഴിക്കോട് പാലാഴി കയലുംപാറക്കൽതാഴത്ത് ടി.പി. അമലിന്‌ (25) കോഴിക്കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 11 വർഷം കഠിനതടവ് വിധിച്ചത്.

Advertisement