തട്ടിക്കൊണ്ടുപോകൽ കേസ്: മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു, തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും

Advertisement

കൊല്ലം :ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. അനിതകുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര ജയിലിലേക്കും മാറ്റും

പ്രതികൾക്കായി രണ്ട് അഭിഭാഷകർ ഹാജരായി. ഇവർക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ പോലീസ് തിങ്കളാഴ്ച നൽകും. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ജൂവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം പ്രതികളിൽ ഒരാളായ പി അനുപമക്ക് യൂട്യൂബിൽ നിന്ന് ഒരു മാസം ലഭിച്ചിരുന്നത് അഞ്ച് ലക്ഷം രൂപ വരെ വരുമാനം. എന്നാൽ ജൂലൈ മാസത്തിൽ ഇതിൽ നിന്നുള്ള വരുമാനം യൂട്യൂബ് സസ്‌പെൻഡ് ചെയ്തതോടെയാണ് തട്ടിക്കൊണ്ടു പോകൽ പദ്ധതിയെ അനുപമയും അനുകൂലിച്ചത്.

അനുപമയുടെ പിതാവ് പത്മകുമാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇത് മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. അനുപമക്ക് 3.8 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസലായിട്ട് ഇംഗ്ലീഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അത് വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ മൂന്ന് മാസം കഴിയും. ഇതുകൊണ്ട് തന്നെ ഇതുവരെയുണ്ടായിരുന്ന എതിർപ്പ് അനുപമക്കും ഇല്ലാതായെന്ന് എഡിജിപി പറഞ്ഞു

ആദ്യം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെ അനുപമ എതിർത്തിരുന്നു. എന്നാൽ വരുമാനം നിലച്ചതോടെ അനുപമയും പദ്ധതിക്ക് ചേർന്നു. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിത കുമാരിയും ചേർന്നാണ് നടത്തിയതെന്നും എഡിജിപി പറഞ്ഞു.

Advertisement