ഐസിയു പീഡനക്കേസിൽ ഇരയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കൂടുതൽ നടപടി

കോഴിക്കോട്. മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഇരയെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കൂടുതൽ നടപടി. അഞ്ച് ജീവനക്കാരെ സ്ഥലം മാറ്റി. മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളേജിലേക്കും രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്കുമാണ് സ്ഥലം മാറ്റിയത്.

തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യയുടെ പാതി മയക്കത്തിലായിരുന്ന യുവതിയെ ഐസിയുവിൽ വെച്ച് അറ്റൻഡർ എം എം ശശീന്ദ്രനാണ് പീഡിപ്പിച്ചത്. പ്രതിക്കെതിരായ പരാതി പിൻവലിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 5 ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. എന്നാൽ മുൻ പ്രിൻസിപ്പൽ ഗോപി വിരമിച്ച ദിവസം അഞ്ച് പേരെയും തിരിച്ചെടുത്തു. സംഭവം വിവാദമായതോടെ വീണ്ടും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിന് പിറകെയാണ് ഇവരെ സ്ഥലം മാറ്റിക്കൊണ്ടുള്ള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

ആശുപത്രി അറ്റൻഡർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീദ മനോളി എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും അറ്റൻഡർമാരായ ആസിയ, ഷൈനി ജോസ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കും ആണ് സ്ഥലം മാറ്റിയത്. ആസിയയുടെ ഒരു മാസത്തെ ഇൻക്രിമെന്റ് തടഞ്ഞതായും ഉത്തരവിലുണ്ട്. മാർച്ച് 18 നായിരുന്നു അറ്റൻഡർ എം എം ശശീന്ദ്രൻ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ശശീന്ദ്രനെതിരെയും ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Advertisement