സാമ്പത്തിക പ്രതിസന്ധി യില്‍ കുരുങ്ങി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍

തിരുവനന്തപുരം. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി യില്‍ കുരുങ്ങി നിശ്ചലമായി. സാമ്പത്തിക വര്‍ഷം തുടങ്ങി എട്ടു മാസമാകുമ്പോഴും ആകെ ചെലവഴിക്കാനായത് 2.69 ശതമാനം മാത്രം. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഒരു പോലെ പദ്ധതി നിലച്ച അവസ്ഥയാണ്.

വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഇതു രണ്ടും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ തുടങ്ങിയത്. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കാനും ഇടതുമുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാനും ഇതു സഹായിച്ചു. എന്നാല്‍ ഇത്തവണ ലൈഫ് മിഷന്റെ അവസ്ഥ ദയനീയമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതിക്കായി 717 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവച്ചത്. എന്നാല്‍ സാമ്പത്തിക വര്‍ഷം തുടങ്ങി എട്ടു മാസം പിന്നിടുമ്പോഴും 2.69 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. ഗ്രാമപ്രദേശങ്ങളില്‍ 525 കോടിയാണ് നീക്കിവച്ചത്. ഇതില്‍ 2.94 ശതമാനം മാത്രമാണ് ചെലവഴിച്ചത്. നഗര പ്രദേശങ്ങളില്‍ 192 കോടി രൂപയാണ് നീക്കിവച്ചത്. എന്നാല്‍ 2.01 ശതമാനമാണ് ചെലവഴിക്കാനായത്. പലയിടത്തും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വീടു നിര്‍മ്മാണത്തിന് നല്‍കാന്‍ പണമില്ല. ഇതോടെ വീടു നിര്‍മ്മാണം പാതി വഴിയില്‍ നിലച്ച സ്ഥിതിയാണ്. ആദ്യം പരിഗണിച്ചവരൊഴികെ ഗുണഭോക്തൃപട്ടികയിലുള്ള മറ്റുള്ളവരെ പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വീട് കിട്ടുമെന്ന പ്രതീക്ഷിച്ചവര്‍ സ്വപ്നങ്ങള്‍ കണ്ട് കാലം കഴിക്കേണ്ട സ്ഥിതിയിലായിരിക്കയാണ്. എങ്ങനെ എപ്പോള്‍ പരിഹരിക്കുമെന്ന മറുപടിപോലും നല്‍കാനാവുന്നില്ല. ജനകീയരോഷം കേന്ദ്രത്തിനെതിരെ തിരിച്ചുവിടാനുള്ള ശ്രമവും വേണ്ടത്ര വിലപ്പോയിട്ടില്ലെന്നതാണ് ഇടതു രാഷ്ട്രീയ നേതൃത്വത്തെ വിഷമിപ്പിക്കുന്നത്.

Advertisement