കോട്ടയത്ത് പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ; കണ്ടെത്തിയത് സമീപത്തെ കെട്ടിടത്തിൽ

മീനടം: കോട്ടയം മീനടം നെടുംപൊയ്കയിൽ അച്ഛനും മകനും മരിച്ച നിലയിൽ. പുതുവയൽ വട്ടുകളത്തിൽ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാതസവാരിക്കിറങ്ങിയ ഇരുവരുടെയും മൃതദേഹം സമീപത്തെ കെട്ടിടത്തിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി അച്ഛൻ ആത്യഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നു രാവിലെ ഏഴു മണിയോടെയാണ് ഇരുവരും നടക്കാനെന്ന രീതിയിൽ വീട്ടിൽ നിന്നിറങ്ങിയത്. സ്ഥിരമായി രാവിലെ പ്രഭാതസവാരിക്കു പോകാറുണ്ടായിരുന്നുവെന്ന് പറയുന്നു. ഇന്നു രാവിലെയും പതിവുപോലെ നടക്കാനിറങ്ങിയ ഇരുവരെയും ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചിറങ്ങിയത്.

താമസക്കാരില്ലാത്ത വീടിനോടു ചേർന്ന ചെറിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രിക് വർക്സ് തൊഴിലാളിയാണ് ബിനു. മരണകാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

ശിവഹരിയെ കെട്ടിത്തൂക്കിയ ശേഷം ബിനു തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ശിവഹരി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മുൻപ് പാമ്പാടി ആലാമ്പള്ളിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പിന്നീട് അവിടുത്തെ സ്ഥലം വിറ്റശേഷം മീനടം നെയുംപൊയ്കയിൽ വീടും സ്ഥലവും വാങ്ങി താമസം മാറുകയായിരുന്നു.

Advertisement