ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരട്ട കൊലപാതകത്തിൽ പ്രതി ഒഡീഷയിൽ പിടിയിലായി

Advertisement

മൂവാറ്റുപുഴ. ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലപാതകത്തിൽ സംശയത്തിലുള്ള പ്രതി ഒഡീഷയിൽ പിടിയിലായി. ഒഡീഷ സ്വദേശി ഗോപാൽ മാലിക്കിനെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.

ഞായറാഴ്ചയാണ് മൂവാറ്റുപുഴയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഹൻ തോ , ദീപാങ്കർ ബസുമ എന്നിവരായിരുന്നു മരിച്ചത്. ഇവർ താമസിക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ഗോപാൽ മാലിക്കിനെ കാണാതായതോടെ പോലിസ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ഗോപാൽ സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചതോടെ ഒരു സംഘം ഇയാൾക്ക് പിറകെ ഒഡിഷയ്ക്ക് തിരിച്ചു. പോലിസ് നിഗമനങ്ങൾ തെറ്റിയില്ല. ഒഡീഷയിൽ വച്ച് ഗോപാൽ മാലിക് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. നാട്ടിലെത്തി ഒളിവിൽ കഴിയാനായിരുന്നു പ്രതിയുടെ നീക്കം.
സുഹൃത്തുക്കൾ തമ്മിലുള്ള വാക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴി. ഗോപാൽ മാലിക് ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. പ്രതിയെ മൂവാറ്റുപുഴയിൽ എത്തിച്ചശേഷം കോടതിയിൽ ഹാജരാക്കും.

Advertisement