സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കി

തിരുവനന്തപുരം . സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കി. 250 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 20 പൈസയാണ് വര്‍ധന. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 1.5 ശതമാനം മുതല്‍ 3 ശതമാനം നിരക്ക് വര്‍ധന ഏര്‍പ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല.

നവംബര്‍ ഒന്നു മുതല്‍ പ്രബാല്യത്തിലാകുന്ന തരത്തിലാണ് റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവയുടെ നിരക്ക് വര്‍ധിപ്പിച്ചില്ല. ഐ.ടി, ഐ.ടി അനുബന്ധ വ്യവസായങ്ങള്‍ക്കും താരിഫ് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് അതേപടി തുടരും. പ്രതിമാസം 250 യൂണിറ്റ്‌വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചു. 90 ലക്ഷത്തോളം പേര്‍ ഈ വിഭാഗത്തിലാണുള്ളത്.

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ താരിഫ് 1.5 ശതമാനം മുതല്‍ 3 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഫികസ്ഡ് ചാര്‍ജ്ജിലും 5 രൂപ മുതല്‍ 20 രൂപ വരെ വര്‍ധന വരുത്തിയിട്ടുണ്ട്. 500 യൂണിറ്റിന് മുകളില്‍ ഫികസ്ഡ് ചാര്‍ജ്ജ് 260 രൂപയായിരിക്കും. 2023-24 ല്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് 40.6 പൈസ യൂണിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ കമ്മിഷന്‍ ഇതു തള്ളിക്കളഞ്ഞു. 2023 മുതല്‍ 26-27 വരെയുള്ള നാലു വര്‍ഷക്കാലയളവിലേക്ക് എല്ലാ വര്‍ഷവും നിരക്ക് വര്‍ധന ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന പ്രബാല്യത്തില്‍ വരുത്തിയാല്‍ മതിയെന്നാണ് കമ്മിഷന്റെ തീരുമാനം. കൃഷിക്കുള്ള നിരക്കില്‍ 20 പൈസയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 11 പൈസയും തെരുവ് വിളക്കുകള്‍ക്ക് 20 പൈസയും വര്‍ധന വരുത്തിയിട്ടുണ്ട്.

Advertisement